യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ: കൈകളിൽ ധരിക്കുന്ന COVID-19 ട്രാക്കിംഗ് ഉപകരണം കേടുവരുത്തുന്നവർക്ക് 10000 ദിർഹം വരെ പിഴ

UAE

ക്വാറന്റീൻ ചട്ടങ്ങൾ മറികടക്കുന്നവർക്കും, കൈകളിൽ ധരിക്കുന്ന COVID-19 ട്രാക്കിംഗ് ഉപകരണം കേടുവരുത്തുന്നവർക്കും കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു. ഫെബ്രുവരി 15-ന് രാത്രിയാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്തെ സന്ദർശകർ, നിവാസികൾ എന്നിവരിൽ ക്വാറന്റീൻ നടപടിയുടെ ഭാഗമായി COVID-19 ട്രാക്കിംഗ് സ്മാർട്ട് വാച്ച്, ഇലക്ട്രോണിക് ട്രാക്കിംഗ് ബാൻഡ് മുതലായവ കൈകളിൽ ധരിക്കുന്നതിനായി നൽകിയിട്ടുണ്ടെങ്കിൽ, ഇവർ കർശനമായും സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണെന്നും, ക്വാറന്റീൻ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ക്വാറന്റീൻ നടപടികളിൽ വീഴ്ച്ചകൾ വരുത്തുകയോ, ഇതിന്റെ ഭാഗമായുള്ള സ്മാർട്ട് ആപ്പ് ഉപയോഗിക്കുന്നതിൽ വിമുഖത കാട്ടുകയോ, COVID-19 ട്രാക്കിംഗ് ഉപകരണം കേടുവരുത്തുകയോ, നഷ്ടപ്പെടുത്തുകയോ ചെയ്യുന്നവർക്ക് 10000 ദിർഹം വരെ പിഴ ചുമത്തുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. ഇത്തരം ട്രാക്കിംഗ് ഉപകരണങ്ങൾക്കൊപ്പം നൽകുന്ന മറ്റു ഘടകഭാഗങ്ങള്‍ നഷ്ടപ്പെടുത്തുകയോ, കേടുവരുത്തുകയോ ചെയ്യുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുന്നതാണ്.

ഇത്തരം ഉപകരണങ്ങൾ കേടുപാടുകൾ കൂടാതെ അധികൃതർക്ക് തിരികെ നൽകേണ്ടതാണ്. ക്വാറന്റീനിൽ തുടരുന്നവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും, ഐസൊലേഷൻ നിർദ്ദേശങ്ങൾ മറികടന്ന് പൊതുഇടങ്ങളിലും മറ്റും സന്ദർശിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനുമായാണ് ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത്.