യു എ ഇ: ഔദ്യോഗിക രേഖകൾ വ്യാജമായി ചമയ്ക്കുന്നത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

featured GCC News

രാജ്യത്ത് ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിക്കുന്നതും, അവ ഉപയോഗിക്കുന്നതും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. മാർച്ച് 12-നാണ് പ്രോസിക്യൂഷൻ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികളെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനുള്ള ഒരു അറിയിപ്പ് ട്വിറ്ററിലൂടെ നൽകിയത്.

എഴുതി തയ്യാറാക്കിയിട്ടുള്ള ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തുന്നതും, ഇത്തരം രേഖകളിൽ കൃത്രിമത്വം കാണിച്ച് അവ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്ന് പൊതു സമൂഹത്തെ പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി. ഇത്തരം രേഖകളുടെ പകർപ്പുകളിൽ കൃത്രിമത്വം കാണിക്കുന്നതും രാജ്യത്ത് കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

രാജ്യത്തെ ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 217 പ്രകാരം ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്കും, വ്യാജമാണെന്ന അറിവോടെ ഇത്തരം രേഖകളുടെയോ, ആധാരങ്ങളുടെയോ കൃത്രിമം കാണിച്ചിട്ടുള്ള പകർപ്പുകൾ ഉപയോഗിക്കുന്നവർക്കും അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.