രാജ്യത്ത് പൊതു, ചരിത്ര, ദേശീയ, സ്വകാര്യ രേഖകൾ മനഃപൂർവം നശിപ്പിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് ബാധകമാക്കിയിട്ടുള്ള ശിക്ഷാനടപടികൾ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു. 2023 മാർച്ച് 27-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, യു എ ഇ നാഷണൽ ലൈബ്രറിയും ആർക്കൈവുകളും അതിന്റെ ഭേദഗതികളും സംബന്ധിച്ച 2008 ലെ ഫെഡറൽ ലോ നമ്പർ (7) ലെ ആർട്ടിക്കിൾ നമ്പർ 25 അനുസരിച്ച്, ഇത്തരം രേഖകൾ മനഃപൂർവം നശിപ്പിക്കുന്നവരെ ചുരുങ്ങിയത് എട്ട് മാസം വരെ തടങ്കലിൽ വെയ്ക്കാമെന്നും, ഇവർക്ക് 40000 മുതൽ 100000 ദിർഹം വരെ പിഴ ചുമത്താമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
മതിയായ അനുവാദം കൂടാതെ, ഒരു രഹസ്യ രേഖ രാജ്യത്തിന് പുറത്തേക്ക് കടത്തുകയോ,നശിപ്പിക്കുകയോ, ഉള്ളടക്കം പകർത്തുകയോ വെളിപ്പെടുത്തുകയോ ചെയ്യുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷം വരെ തടവും, 50000 മുതൽ 1000000 ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്. ഇത്തരം രേഖകൾ മോഷ്ടിക്കുന്നവർക്കും മേൽപ്പറഞ്ഞ ശിക്ഷാ നടപടികൾ ബാധകമാണ്.
WAM