യു എ ഇ: അനധികൃതമായി കരിമരുന്ന് വിൽക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

featured GCC News

രാജ്യത്ത് ലൈസൻസ് കൂടാതെ അനധികൃതമായി കരിമരുന്ന് വിൽക്കുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2023 ഏപ്രിൽ 20-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, വെടിക്കോപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട യു എ ഇ ഫെഡറൽ നിയമം ’17/ 2019′-ലെ ആർട്ടിക്കിൾ 54 പ്രകാരം രാജ്യത്ത് ലൈസൻസ് കൂടാതെ കരിമരുന്ന് ഉത്പന്നങ്ങളുടെ വിപണനം, ഇറക്കുമതി, കയറ്റുമതി, ഉത്പാദനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷം തടവ്, ഒരു ലക്ഷം ദിർഹം പിഴ എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ ഇത്തരം വസ്തുക്കൾ വിപണനം ചെയ്യരുതെന്നും, ഉപയോഗിക്കരുതെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ നിയമത്തിലെ ആർട്ടിക്കിൾ 1 പ്രകാരം, കരിമരുന്ന് ഉൾപ്പടെയുള്ള, ചൂട്, മര്‍ദ്ദം മുതലായ ബാഹ്യഘടകങ്ങളുടെ പ്രേരണയിൽ ചുറ്റുപാടുകൾക്ക് ഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന രാസപദാർത്ഥങ്ങൾ, വിവിധ രാസപദാർത്ഥങ്ങളുടെ മിശ്രിതങ്ങൾ എന്നിവയെല്ലാം സ്‌ഫോടകവസ്തുക്കളായി കണക്കാക്കുന്നതാണ്.

ഈ നിയമത്തിലെ ആർട്ടിക്കിൾ 3 അനുസരിച്ച് ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്‌ഫോടകവസ്തുക്കൾ തുടങ്ങിയവ കൈവശം വെക്കുന്നതിനോ, ഇവ സംഭരിക്കുന്നതിനോ, കൊണ്ട് നടക്കുന്നതിനോ, കയറ്റുമതി/ ഇറക്കുമതി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ, നിർമിക്കുന്നതിനോ, വിപണനം ചെയ്യുന്നതിനോ അനുബന്ധ വകുപ്പുകളിൽ നിന്നുള്ള പ്രത്യേക ലൈസൻസ്/ പെർമിറ്റ് കൂടാതെ വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ അനുമതിയുണ്ടായിരിക്കുന്നതല്ല.

WAM