യു എ ഇ: ഇന്റർനെറ്റ് ഉപയോഗിച്ച് കൊണ്ട് വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

featured GCC News

ഇന്റർനെറ്റ് ഉപയോഗിച്ച് കൊണ്ട് വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നവർക്കും, മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കുന്നവർക്കും യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2022 ജൂലൈ 25-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

രാജ്യത്ത് ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും, ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കുന്നതിനുമുള്ള ഫെഡറൽ നിയമം ’34/ 2021′-ലെ ആർട്ടിക്കിൾ 44 പ്രകാരം വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ, ഡിജിറ്റൽ നെറ്റ്‌വർക്കുകൾ, ഇലക്ട്രോണിക് സാങ്കേതിക വിദ്യകൾ, അനുബന്ധ സംവിധാനങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളിലൂടെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നവർക്കും, വ്യക്തികളുടെ കുടുംബജീവിതത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്തുന്നവർക്കും (ഏതാനം ലീഗൽ സാഹചര്യങ്ങളിൽ അത്തരം വ്യക്തികളുടെ സമ്മതത്തോടെ ഒഴികെ) ചുരുങ്ങിയത് ആറ് മാസം തടവും, ഒന്നരലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.

താഴെ പറയുന്ന പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെയും ഇതേ ശിക്ഷാ നടപടികൾ കൈക്കൊള്ളുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്:

  • വ്യക്തകളുമായുള്ള സംഭാഷണങ്ങൾ, ഫോൺ കാളുകൾ, ഇത്തരം സംവാദങ്ങളുടെയും മറ്റും ദൃശ്യങ്ങൾ എന്നിവ പങ്ക് വെക്കുകയോ, റെക്കോർഡ് ചെയ്യുകയോ, പ്രക്ഷേപണം ചെയ്യുകയോ ചെയ്യുക.
  • മറ്റു വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ ഫോട്ടോ പകർത്തുകയോ, പങ്ക് വെക്കുകയോ, സൂക്ഷിച്ച് വെക്കുകയോ ചെയ്യുക.
  • മറ്റു വ്യക്തികളെ ദ്രോഹിക്കാൻ ഉദ്ദേശിച്ച് കൊണ്ട് അവർക്കെതിരെ വാർത്തകൾ, ഫോട്ടോകൾ, ദൃശ്യങ്ങൾ, വിവരങ്ങൾ, അഭിപ്രായങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുക.
  • അപകടങ്ങൾ, മരണം എന്നിവയുടെ ദൃശ്യങ്ങൾ, പരിക്ക് പറ്റിയവരുടെ ദൃശ്യങ്ങൾ, അത്യാഹിതം സംഭവിച്ചവരുടെ ദൃശ്യങ്ങൾ എന്നിവ അനുവാദം കൂടാതെ പകർത്തുന്നത്.
  • മറ്റു വ്യക്തികളുടെ താമസ സ്ഥലം വെളിപ്പെടുത്തുക.

മറ്റുള്ളവർക്ക് അപമാനം, ദ്രോഹം എന്നിവയ്ക്ക് ഇടയാക്കുന്ന രീതിയിൽ രേഖകൾ, ഫോട്ടോകൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നവർക്ക് ഒരു വർഷം തടവും, രണ്ടര ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

WAM