ജി20 ഉച്ചകോടി: യു എ ഇ പ്രസിഡണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയും കൂടിക്കാഴ്ച്ച നടത്തി

featured UAE

ന്യൂ ഡൽഹിയിൽ വെച്ച് നടക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. സമഗ്ര സാമ്പത്തിക പങ്കാളിത്തം, തന്ത്രപ്രധാനമായ വിഷയങ്ങളിലെ പങ്കാളിത്തം തുടങ്ങിയ മേഖലകളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

സുസ്ഥിരതയിലൂന്നിയുള്ള വികസനനയങ്ങളിൽ കൂടുതൽ ശക്തമായ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് ഇരുവരും തീരുമാനിച്ചിട്ടുണ്ട്. ജി20 ഉച്ചകോടിയിലേക്ക് വിശിഷ്ടാതിഥിയായി യു എ ഇയിയെ ക്ഷണിച്ചതിന് യു എ ഇ പ്രസിഡണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ചു.

Source: WAM

ഇരുരാജ്യങ്ങളുടെയും സുസ്ഥിര വികസനം സാധ്യമാക്കുന്നതിനായി സാമ്പത്തിക രംഗം, നിക്ഷേപം, വികസനം, പുനരുപയോഗ ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

“ഒരു ഭൂമി, ഒരേ കുടുംബം, ഒരേ ഭാവി” എന്ന പ്രമേയത്തിൽ ഊന്നി സംഘടിപ്പിക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യു എ ഇ പ്രസിഡണ്ടിനൊപ്പം യു എ ഇ മന്ത്രിമാരും, മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തിയിട്ടുണ്ട്.

ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി നടപ്പിലാക്കുന്നതിനുള്ള എല്ലാ പിന്തുണയും നൽകുമെന്ന് യു എ ഇ പ്രഖ്യാപിച്ചിട്ടുണ്ട്.

WAM