യു എ ഇ: രാജ്യത്തെ COVID-19 കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നതായി NCEMA

UAE

രാജ്യത്തെ COVID-19 കേസുകളിലും, മഹാമാരിയുമായി ബന്ധപ്പെട്ട മരണങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു. NCEMA ഔദ്യോഗിക വക്താവ് ഡോ. താഹെർ അൽ അമേരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2022 മാർച്ച് 16-ലെ NCEMA പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. COVID-19 മഹാമാരി സംബന്ധിച്ച പ്രതിസന്ധിയെ യു എ ഇ പ്രൊഫഷണലിസത്തോടെ കൈകാര്യം ചെയ്തതായി അദ്ദേഹം അറിയിച്ചു.

അന്താരാഷ്ട്ര സൂചകങ്ങൾ അനുസരിച്ച് COVID-19 മഹാമാരിയെ അഭിസംബോധന ചെയ്യുന്നതിനുള്ള ഏറ്റവും വിജയകരമായ മാതൃകകളിലൊന്നായി ഇത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ബന്ധപ്പെട്ട അധികാരികൾ ആഗോളതലത്തിലെ മഹാമാരിയുടെ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതും, നിരന്തരം വിലയിരുത്തുന്നതും തുടരുന്നതായി അദ്ദേഹം വ്യക്തമാക്കി.

സാഹചര്യങ്ങൾക്കനുസൃതമായി യു എ ഇ അധികൃതർ പ്രസക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് തുടരുകയാണ്. സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി യു എ ഇ ഗവൺമെന്റ് അതിന്റെ സുരക്ഷാ പ്രോട്ടോക്കോളുകളിലും, നടപടിക്രമങ്ങളിലും നിരന്തരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ സംഭവവികാസങ്ങൾക്കും, സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ തന്ത്രത്തിനും അനുസൃതമായി 2022-ലെ വിശുദ്ധ മാസമായ റമദാനിൽ ഇഫ്താർ ടെന്റുകൾ തിരികെ നൽകുന്നതിനുള്ള ഒരു പ്രോട്ടോക്കോൾ യു എ ഇ പ്രഖ്യാപിച്ചത് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

WAM