2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടി ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടത്തുമെന്ന് യു എ ഇ പ്രസിഡന്റ്

featured GCC News

യു എ ഇയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയ്ക്ക് ദുബായ് എക്സ്പോ സിറ്റി ആതിഥേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലോക എക്സ്പോ നടന്ന ആറ് മാസത്തെ കാലയളവിൽ യു എ ഇയിൽ ലോകത്തെ മുഴുവൻ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച അത്യാധുനിക ലക്ഷ്യസ്ഥാനമെന്ന നിലയിൽ എക്സ്പോ 2020 ദുബായ് വേദിയുടെ അതുല്യമായ പങ്കിന് ഈ നിർദ്ദേശം അടിവരയിടുന്നു. എക്സ്പോ 2020 ലോക എക്സ്പോയും, COP28 ഉച്ചകോടിയും സുസ്ഥിരത കൈവരിക്കുക, ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള അവശ്യ ഘട്ടങ്ങളായി അന്താരാഷ്ട്ര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള സമാനമായ ലക്ഷ്യങ്ങൾ പങ്കിടുന്നു.

ഇരുപത്തെട്ടാമത്‌ യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ് കാലാവസ്ഥാ പ്രതിജ്ഞാബദ്ധതകളും പ്രതിജ്ഞകളും നടപ്പിലാക്കൽ, വെല്ലുവിളികളെ അതിജീവിക്കുന്നതിന് സംഭാവന ചെയ്യുന്ന പരിഹാരങ്ങൾ തിരിച്ചറിയൽ, ഇത് നടപ്പിലാക്കുന്നതിനായുള്ള ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ വർത്തമാന, ഭാവി തലമുറകൾക്ക് സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതിനുള്ള അവസരങ്ങൾ മുതലെടുക്കൽ എന്നിവ ഉൾപ്പെടെയുള്ള പ്രധാന സ്തംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

“മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവി സൃഷ്ടിക്കുക” എന്നതിന്റെ പാരമ്പര്യവും സന്ദേശവും അടിസ്ഥാനമാക്കിയാണ് COP28-ന്റെ വേദിയായി ദുബായ് എക്‌സ്‌പോ സിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. ദുബായ് എക്‌സ്‌പോ മുന്നോട്ട് വെച്ച സുപ്രധാന ആശയങ്ങളായ സുസ്ഥിരത, അവസരം, ചലനാത്മകത എന്നിവയോടുള്ള പ്രതിബദ്ധത ഇത് ഉറപ്പിക്കുന്നു.

2023-ലെ COP28-ൽ രാഷ്ട്രത്തലവന്മാർ, സർക്കാർ ഉദ്യോഗസ്ഥർ, അന്താരാഷ്‌ട്ര വ്യവസായ പ്രമുഖർ, സ്വകാര്യ മേഖലാ പ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, വിദഗ്ധർ, സിവിൽ സൊസൈറ്റി പ്രതിനിധികൾ എന്നിവരുൾപ്പെടെ 45,000-ത്തിലധികം പേർ ദിവസവും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എക്‌സ്‌പോ 2020 ദുബായ് പ്രദർശനം നടന്ന വേദിയെ എക്‌സ്‌പോ സിറ്റി ദുബായ് ആക്കി മാറ്റുന്നതായി കഴിഞ്ഞ ദിവസം ദുബായ് ഭരണാധികാരിയായ H.H.ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചിരുന്നു. 2022 ഒക്ടോബറിൽ എക്‌സ്‌പോ സിറ്റി ദുബായ് തുറന്ന് കൊടുക്കുന്നതാണ്. ഈ പുതിയ നഗരം നവീകരണത്തിന്റെയും സർഗ്ഗാത്മകതയുടെയും ആഗോള കേന്ദ്രമായിരിക്കും.

2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടിയ്ക്ക് യു എ ഇ വേദിയാകുമെന്ന് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2021 നവംബറിൽ അറിയിച്ചിരുന്നു. ഗ്ലാസ്ഗോയിൽ വെച്ച് നടന്ന COP26 കാലാവസ്ഥാ ഉച്ചകോടിയിലാണ് COP28 ഉച്ചകോടിയുടെ വേദിയാകുന്നതിനായി യു എ ഇയെ ഔദ്യോഗികമായി തിരഞ്ഞെടുത്തത്.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി യു എ ഇ മുന്നോട്ട് വെക്കുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമാണിത്. ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസിയുടെ (IRENA) സ്ഥിരം ആതിഥേയ രാജ്യമായ യു എ ഇ പാരീസ് ഉടമ്പടിയിൽ ഒപ്പുവെക്കുകയും അംഗീകരിക്കുകയും ചെയ്ത മേഖലയിലെ ആദ്യത്തെ രാജ്യമാണ്.

2023 നവംബർ 6 മുതൽ 17 വരെയാണ് COP28 കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്നത്. 2022-ൽ നടക്കുന്ന COP27 ഉച്ചകോടിയ്ക്ക് ഈജിപ്ത് വേദിയാകുന്നതാണ്.

WAM