2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയ്ക്ക് യു എ ഇ വേദിയാകുമെന്ന് യു എ ഇ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. COP28 ഉച്ചകോടിയുടെ വേദിയാകുന്നതിനായി യു എ ഇയെ ഔദ്യോഗികമായി തിരഞ്ഞെടുത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്ലാസ്ഗോയിൽ വെച്ച് നടക്കുന്ന ഇത്തവണത്തെ COP26 കാലാവസ്ഥാ ഉച്ചകോടിയിലാണ് ഇക്കാര്യം പ്രഖ്യാപിക്കപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി യു എ ഇ മുന്നോട്ട് വെക്കുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമാണിത്. 2022-ൽ നടക്കുന്ന COP27 ഉച്ചകോടിയ്ക്ക് ഈജിപ്ത് വേദിയാകുന്നതാണ്.
കാലാവസ്ഥാ സംബന്ധമായ വിഷയങ്ങൾ, പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെടുന്ന ആഗോളതലത്തിൽ തന്നെയുള്ള ഏറ്റവും വലിയ സമ്മേളനമാണ് യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്. ലോകരാജ്യങ്ങളുടെ തലവന്മാർ, സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നതാണ്.
COP28 ഉച്ചകോടിയുടെ വേദിയായി യു എൻ ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (UNFCCC) യു എ ഇയെ ഔദ്യോഗികമായി തിരഞ്ഞെടുത്തതിനെത്തുടർന്നാണ് ഷെയ്ഖ് മുഹമ്മദ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ മറ്റൊരു വലിയ പരിപാടി സംഘടിപ്പിക്കുന്നതിന് യു എ ഇ വേദിയാകുന്നതിന്റെ സന്തോഷം അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്ക് വെച്ചു.
“ആഗോളതലത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലാവസ്ഥാ ഉച്ചകോടിയായ COP28-ന് 2023-ൽ വേദിയാകുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടതിൽ നാം യു എ ഇയെ അഭിനന്ദിക്കുന്നു. നമ്മുടെ രാജ്യം അർഹിക്കുന്ന ഒരു നേട്ടമാണിത്. ഈ ഉച്ചകോടി വൻ വിജയമാക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങളും നമ്മുടെ ഭാഗത്ത് നിന്ന് ഉറപ്പ് വരുത്തുന്നതാണ്. നമ്മുടെ ഗ്രഹത്തിന്റെ സംരക്ഷണത്തിനായുള്ള ആഗോള കാലാവസ്ഥാ പ്രവർത്തനങ്ങളിൽ യു എ ഇയുടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായിരിക്കുന്നതാണ്.”, H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.
“2023-ലെ COP28 സമ്മേളനത്തിന് വേദിയാകുന്നതിനായി യു എ ഇ തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ അഭിമാനമുണ്ട്. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പ് വരുത്തുന്നതിനും, സുസ്ഥിരമായ ഒരു ഭാവി നിർമ്മിക്കുന്നതിനമായുള്ള ആഗോള ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതിനായി അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുന്നു.”, അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വിറ്ററിൽ കുറിച്ചു.