2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ സർക്കാർ വകുപ്പുകളിലും, മന്ത്രാലയങ്ങളിലും പ്രവേശിക്കുന്നതിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു. ജൂലൈ 8-നാണ് FAHR ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, COVID-19 വാക്സിനിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചവർ, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഉള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് മാത്രമാണ് ഓഗസ്റ്റ് 1 മുതൽ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, ഇത്തരം സ്ഥാപനങ്ങളുടെ കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാൻ അനുമതി ഉണ്ടായിരിക്കുക എന്ന് FAHR സ്ഥിരീകരിച്ചിട്ടുണ്ട്.
“2021 ഓഗസ്റ്റ് 1, ഞായറാഴ്ച്ച മുതൽ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, ഇത്തരം സ്ഥാപനങ്ങളുടെ കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക്, ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ ഒഴികെയുള്ള, ഉപഭോക്താക്കൾ, സന്ദർശകർ, കരാറടിസ്ഥാനത്തിൽ സേവനം നൽകുന്ന ജീവനക്കാർ, മറ്റുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല. താഴെ പറയുന്ന മൂന്ന് വിഭാഗങ്ങൾക്ക് ഈ പ്രവേശന വിലക്കിൽ ഇളവ് അനുവദിക്കുന്നതാണ്.”, FAHR പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
- രാജ്യത്ത് അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുള്ളവർ, അല്ലെങ്കിൽ ഇത്തരം സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കുന്നവർ എന്നീ വിഭാഗങ്ങളിലുള്ള സന്ദർശകർ, ഉപഭോക്താക്കൾ എന്നിവർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
- വാക്സിനെടുക്കാത്തവർക്ക് രാജ്യത്തെ ആരോഗ്യ അധികൃതരിൽ നിന്നുള്ള പ്രത്യേക അനുമതിയോടെ, ഇത്തരം സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് റിസൾട്ട് ഉപയോഗിച്ച് സന്ദർശനം അനുവദിക്കുന്നതാണ്.
- പതിനാറ് വയസിന് താഴെ പ്രായമുള്ളവർക്ക് ഈ വിലക്ക് ബാധകമല്ല.
വാക്സിനേഷൻ, PCR സ്റ്റാറ്റസ് തെളിയിക്കുന്നതിനായി Al Hosn ആപ്പ് ഉപയോഗിക്കാവുന്നതാണ്.