യു എ ഇ: 2022 ജനുവരി 3 മുതൽ സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അൽ ഹൊസൻ ഗ്രീൻ പാസ് നിർബന്ധമാക്കുന്നു

featured GCC News

2022 ജനുവരി 3 മുതൽ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസ് സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. 2021 ഡിസംബർ 19-ന് വൈകീട്ടാണ് NCEMA ഇത് സംബന്ധിച്ച അറിയിപ്പ് നല്കിയത്.

ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ യു എ ഇയിലെ ഫെഡറൽ ഗവണ്മെന്റ് കെട്ടിടങ്ങളിലേക്കും, സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്ന ജീവനക്കാർ, സന്ദർശകർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഗ്രീൻ പാസ് സംവിധാനം ഉപയോഗിച്ചായിരിക്കും പ്രവേശനം അനുവദിക്കുന്നത്. യു എ ഇയിലെ എല്ലാ എമിറേറ്റുകളിലും ഈ തീരുമാനം നടപ്പിലാക്കുന്നതാണ്.

ഇതോടെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും (ബൂസ്റ്റർ ഡോസ് ഉൾപ്പടെ എല്ലാ ഡോസുകളും പൂർത്തിയാക്കിയവർ), വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവ് ലഭിച്ചിട്ടുള്ളവർക്കും, ഗ്രീൻ പാസ് സ്റ്റാറ്റസ് അടിസ്ഥാനമാക്കി ഇത്തരം ഇടങ്ങളിലേക്ക് പ്രവേശിക്കാവുന്നതാണ്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ഗ്രീൻ പാസ് സ്റ്റാറ്റസ് നിൽനിർത്തുന്നതിനായി ഓരോ 14 ദിവസം തോറും PCR ടെസ്റ്റ് നടത്തേണ്ടതാണ്.

വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവ് ലഭിച്ചിട്ടുള്ളവർക്ക് അൽ ഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടെങ്കിൽ ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഇവർക്ക് ഗ്രീൻ പാസ് സ്റ്റാറ്റസ് നിൽനിർത്തുന്നതിനായി ഓരോ 7 ദിവസം തോറും PCR ടെസ്റ്റ് നടത്തേണ്ടതാണ്. വാക്സിനെടുക്കാത്തവർ, അൽ ഹൊസൻ ആപ്പിൽ ഗ്രേ സ്റ്റാറ്റസ് ഉള്ളവർ (ഇവർ ഗ്രീൻ സ്റ്റാറ്റസ് ലഭിക്കുന്നതിനായി രോഗമുക്തരാണെന്ന് തെളിയിക്കുന്നതിനായി PCR ടെസ്റ്റ് നടത്തേണ്ടതാണ്) എന്നീ വിഭാഗങ്ങളിലുള്ള ജീവനക്കാർ, സന്ദർശകർ തുടങ്ങിയവർക്ക് സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.