യു എ ഇ: സ്കൂൾ തുറക്കുന്ന ദിവസം അപകടരഹിത ദിനമായി ആചരിക്കും; സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നവർക്ക് 4 ട്രാഫിക് പോയിന്റുകൾ കുറയ്ക്കാം

featured GCC News

യു എ ഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന 2023 ആ​ഗ​സ്റ്റ്​ 28-ന്​ സുരക്ഷിതമായി വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവർക്ക് തങ്ങളുടെ ലൈസൻസിലെ 4 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള അവസരം ലഭിക്കും. യു എ ഇ ഫെഡറൽ ട്രാഫിക് കൗൺസിൽ സംഘടിപ്പിക്കുന്ന ‘അപകടരഹിത ദിനം’ എന്ന ദേശീയ ക്യാമ്പയിനിന്റെ ഭാഗമായാണിത്.

ആ​ഗ​സ്റ്റ്​ 28ന്​ ​​സു​ര​ക്ഷി​ത​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക്​ നാ​ല്​ ട്രാ​ഫി​ക്​ പോ​യ​ന്‍റു​ക​ൾ നൽകിക്കൊണ്ട് ലൈസൻസിലെ നാല് ബ്ലാ​ക്ക്​​പോ​യ​ന്‍റുക​ൾ കു​റ​ക്കാ​ൻ സഹായിക്കുന്ന രീതിയിലാണ് ഈ ക്യാമ്പയിൻ. ഈ പ്രചാരണപരിപാടിയിൽ പങ്കെടുത്ത് കൊണ്ട് ട്രാഫിക് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് നേടാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് സ്കൂൾ അധ്യയന വർഷത്തിന്റെ ആദ്യ ദിവസമായ ആ​ഗ​സ്റ്റ്​ 28ന് ഞാൻ ട്രാഫിക് ലംഘനങ്ങളോ അപകടങ്ങളോ ഉണ്ടാക്കില്ല എന്ന പ്രതിജ്ഞയിൽ ഒപ്പിടാവുന്നതാണ്.

തുടർന്ന് ആ​ഗ​സ്റ്റ്​ 28-ന് ട്രാഫിക് അപകടങ്ങളോ, നിയമലംഘനങ്ങളോ നടത്താത്ത ഡ്രൈവർമാർക്ക് തങ്ങളുടെ ലൈസൻസിൽ നാല് ബ്ലാ​ക്ക്​​പോ​യ​ന്‍റുക​ൾ കു​റ​ക്കാ​ൻ അവസരം ലഭിക്കുന്നതാണ്. റോഡ് സുരക്ഷാ അവബോധം വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ഉദ്ദ്യമം രാജ്യത്തിന്റെ ട്രാഫിക് മേഖല സംരംഭങ്ങളുടെ കുടക്കീഴിൽ വരുന്നതാണെന്നും, ട്രാഫിക് സുരക്ഷയും ബോധവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഈ ഈ പ്രഖ്യാപനമെന്നും ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ ജനറൽ എഞ്ചിനീയർ ഹുസൈൻ അഹമ്മദ് അൽ ഹാർത്തി വിശദീകരിച്ചു.

ഈ പ്രതിബദ്ധത നിലനിർത്തുന്ന ഡ്രൈവർമാർക്ക് പ്രതിഫലമായി അവരുടെ റെക്കോർഡിൽ നിന്ന് 4 ബ്ലാക്ക് ട്രാഫിക് പോയിന്റുകൾ കുറയ്ക്കപ്പെടുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

WAM