യു എ ഇ: മദ്ധ്യാഹ്ന ഇടവേള; ഡെലിവറി തൊഴിലാളികൾക്കായി 6000 വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു

featured UAE

രാജ്യത്ത് വേനലിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിന്റെ ഭാഗമായി യു എ ഇയിലുടനീളമുള്ള ഡെലിവറി സേവന മേഖലയിലെ തൊഴിലാളികൾക്കായി 6000 വിശ്രമകേന്ദ്രങ്ങൾ ഒരുക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സർക്കാർ സ്ഥാപനങ്ങളുമായും സ്വകാര്യ മേഖലാ കമ്പനികളുമായും സഹകരിച്ചാണ് MoHRE ഇത് നടപ്പിലാക്കുന്നത്. യു എ ഇയിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2024 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേളയുടെ ഭാഗമായാണ് MoHRE ഇത്തരം ഒരു പദ്ധതി ഒരുക്കിയിരിക്കുന്നത്.

ഡെലിവറി സേവന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും അവർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. ഈ വിശ്രമകേന്ദ്രങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കുന്നതിനുള്ള ഒരു ഇന്ററാക്ടിവ് മാപ്പ് ഒരുക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA), അബുദാബിയിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ, യു എ ഇയിലുടനീളമുള്ള സാമ്പത്തിക വികസന വകുപ്പുകൾ, തലാബത്ത്, ഡെലിവറൂ, നൂൺ, കരീം തുടങ്ങിയ ഡെലിവറി കമ്പനികൾ എന്നിവരുമായി സഹകരിച്ചാണ് മന്ത്രാലയം ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി റെസ്റ്റോറൻ്റുകൾ, ഷോപ്പിംഗ് സെൻ്ററുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ക്ലൗഡ് കിച്ചണുകൾ എന്നിവയും ഡെലിവറി സർവീസ് ഡ്രൈവർമാർക്കായി വിശ്രമ സ്ഥലങ്ങൾ ഒരുക്കുന്നതാണ്.

ഡെലിവറി തൊഴിലാളികൾക്കായി കഴിഞ്ഞ വർഷത്തെ മധ്യാഹ്ന ഇടവേളയിൽ 365 വിശ്രമകേന്ദ്രങ്ങൾ തയ്യാറാക്കിയ സംരംഭത്തിൻ്റെ തുടർച്ചയാണ് ഈ പദ്ധതി.

യു എ ഇയിലെ കെട്ടിടനിർമ്മാണമേഖലയുൾപ്പടെയുള്ള പുറം തൊഴിലിടങ്ങളിലെ തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന മദ്ധ്യാഹ്ന ഇടവേള 2024 ജൂൺ 15 മുതൽ 2024 സെപ്റ്റംബർ 15 വരെ നീണ്ട് നിൽക്കുന്നതാണ്. ഈ കാലയളവിൽ യു എ ഇയിൽ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 3 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്.