അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസ് മാനദണ്ഡങ്ങളിൽ 2021 ഡിസംബർ 5 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) ഉൾപ്പടെയുള്ള രാജ്യത്തെ വിവിധ അനുബന്ധ വകുപ്പുകളുമായി ചേർന്നാണ് ആരോഗ്യ മന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
2021 ഡിസംബർ 1-ന് രാത്രിയാണ് യു എ ഇ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാനദണ്ഡങ്ങൾ പ്രകാരം വാക്സിനെടുത്തവർക്ക് നെഗറ്റീവ് PCR ടെസ്റ്റ് റിസൾട്ട് ലഭിക്കുന്നതോടെ അൽ ഹൊസൻ ആപ്പിലെ സ്റ്റാറ്റസ് 14 ദിവസത്തേക്ക് ഗ്രീൻ എന്ന് രേഖപ്പെടുത്തുന്നതാണ്.
നിലവിൽ 30 ദിവസം വരെയാണ് ഇത്തരക്കാർക്ക് ഗ്രീൻ സ്റ്റാറ്റസ് ലഭിക്കുന്നത്. ഡിസംബർ 5 മുതൽ ഗ്രീൻ സ്റ്റാറ്റസ് കാലാവധി 14 ദിവസമാക്കി കുറയ്ക്കാനും, 14 ദിവസത്തിന് ശേഷം സ്റ്റാറ്റസ് ഗ്രേ നിറത്തിലേക്ക് മാറ്റുന്നതിനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
അൽ ഹൊസൻ ആപ്പിലെ സ്റ്റാറ്റസ് ഗ്രേ നിരത്തിലുള്ളവർക്ക് വീണ്ടും ഒരു PCR ടെസ്റ്റ് നടത്തി, നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന പക്ഷം അവരുടെ ഗ്രീൻ സ്റ്റാറ്റസ് 14 ദിവസത്തേക്ക് കൂടി നീട്ടി നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ ആഗോള സാഹചര്യങ്ങൾ കണക്കിലെടുത്ത് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.