കര അതിർത്തികളിലൂടെ യു എ ഇയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2022 മാർച്ച് 29, ചൊവ്വാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചു. യു എ ഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) 2022 മാർച്ച് 25-ന് രാത്രി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം 2022 മാർച്ച് 29 മുതൽ കര അതിർത്തികളിലൂടെ യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് വാക്സിനേഷൻ സ്റ്റാറ്റസ്, മുൻകൂർ PCR പരിശോധന എന്നിവ ഇല്ലാതെ തന്നെ പ്രവേശനം അനുവദിക്കുന്നതാണ്.
ഇതോടെ മാർച്ച് 29 മുതൽ COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കും, വാക്സിനെടുക്കാത്തവർക്കും മുൻകൂർ PCR പരിശോധന കൂടാതെ യു എ ഇയിലേക്ക് കരമാർഗ്ഗം പ്രവേശിക്കാവുന്നതാണ്. എന്നാൽ ഇവർക്ക് യു എ ഇയിലെത്തിയ ശേഷം ഒരു EDE ടെസ്റ്റ് നടത്തുന്നതാണ്.
ഈ EDE പരിശോധനയിൽ പോസിറ്റീവ് ആകുന്നവർ ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇതിന്റെ റിസൾട്ട് ലഭിക്കുന്നത് വരെ ഇവർക്ക് പ്രവേശനം നൽകുന്നതല്ല. രാജ്യത്തെ ചടങ്ങുകളിലും, പരിപാടികളിലും പങ്കെടുക്കുന്നവരും, ടൂറിസം കേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിക്കുന്നവരും ഗ്രീൻ പാസ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.