ഈ വർഷത്തെ ഈദുൽ ഫിത്ർ വീടുകളിൽ സ്വന്തം കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിക്കാൻ രാജ്യത്തെ നിവാസികളോട് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു. COVID-19 പശ്ചാത്തലത്തിൽ, ഈദുൽ ഫിത്ർ വേളയിൽ, ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കാനും NCEMA ജനങ്ങളോട് ആവശ്യപ്പെട്ടു.
മെയ് 10-ന് രാത്രിയാണ് NCEMA ഈ അറിയിപ്പ് നൽകിയത്. ഈദുൽ ഫിത്ർ വേളയിൽ സാമൂഹിക സന്ദർശനങ്ങൾ, കുടുംബ സംഗമങ്ങൾ, വലിയ ഒത്ത്ചേരലുകൾ എന്നിവ ഒഴിവാക്കാനും NCEMA പൊതുസമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങളെ സന്ദർശിക്കുന്ന അവസരത്തിൽ അവരുടെ സുരക്ഷ മുൻനിർത്തി കൃത്യമായ സമൂഹ അകലം പാലിക്കാനും, മാസ്കുകൾ ഉപയോഗിക്കാനും NCEMA ജനങ്ങൾക്ക് നിർദ്ദേശം നൽകി. കുട്ടികൾക്കും മറ്റും ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി പണം സമ്മാനമായി നൽകുന്നത് ഒഴിവാക്കാനും, പകരം ഡിജിറ്റൽ സമ്പ്രദായത്തിലൂടെ ഇത്തരം സമ്മാനങ്ങൾ നൽകാനും NCEMA ജനങ്ങളെ ഓർമ്മപ്പെടുത്തി.
സുഹൃത്തുക്കൾ, ബന്ധുക്കൾ മുതലായവരുമായി ഈദ് ആശംസകൾ പങ്കിടുന്നതിനും ഡിജിറ്റൽ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്താൻ NCEMA ആവശ്യപ്പെട്ടിട്ടുണ്ട്. അയൽവാസികൾ തമ്മിൽ ഈദുൽ ഫിത്ർ വേളയിൽ പാരിതോഷികങ്ങൾ, ഭക്ഷണം മുതലായവ കൈമാറുന്നത് ഒഴിവാക്കാനും അധികൃതർ നിർദ്ദേശം നൽകി.