രാജ്യത്തെ COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് യു എ ഇ ആരോഗ്യ മേഖലയിലെ ഔദ്യോഗിക വക്താവ് ഡോ ഫരീദ അൽ ഹോസാനി ആവശ്യപ്പെട്ടു. ഈദ് അവധിക്ക് ശേഷം രാജ്യത്ത് COVID-19 രോഗവ്യാപനം ഉയരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
ജൂൺ 15-ന് രാത്രിയാണ് ഡോ ഫരീദ അൽ ഹോസാനി ഇക്കാര്യം അറിയിച്ചത്. ഈദ് അവധിക്ക് ശേഷം COVID-19 വ്യാപനം ഉയരുന്നതായി കണ്ടെത്തിയതായും, ഇതിനാൽ കർശനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
വലിയ രീതിയിലുള്ള ഒത്ത് ചേരലുകളും, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ വീഴ്ച്ചകളുമാണ് രോഗവ്യാപനത്തിനിടയാക്കുന്നതെന്ന് അവർ വ്യക്തമാക്കി. മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം മുതലായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ചകൂടാതെ പാലിക്കാൻ അവർ ജനങ്ങളോട് ആഹ്വാനം ചെയ്തു. ആൾക്കൂട്ടം ഒഴിവാക്കാനും, വാക്സിനെടുത്തവർ പോലും ഒത്തുചേരലുകൾ ഒഴിവാക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.