വിസ, ഐഡി കാർഡുകൾ മുതലായവയുമായി ബന്ധപ്പെട്ട സേവനങ്ങൾ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ജൂലൈ 12, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കും. രാജ്യത്തെ വിസ, ഐഡി എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് യു എ ഇ ക്യാബിനറ്റ് ജൂലൈ 10-നു പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് ICA സേവനങ്ങൾ പുനരാരംഭിക്കുന്നത്.
റെസിഡൻസി വിസകൾ, എൻട്രി പെർമിറ്റുകൾ, ഐഡി കാർഡുകൾ മുതലായവയുമായി ബന്ധപ്പെട്ട് COVID-19 പശ്ചാത്തലത്തിൽ പുറത്തിറക്കിയിരുന്ന എല്ലാ തീരുമാനങ്ങളും, ജൂലൈ 11 മുതൽ റദ്ദ് ചെയ്യാനും, ജൂലൈ 12 മുതൽ, തുകകൾ ഈടാക്കി കൊണ്ടുള്ള സേവനങ്ങൾ ICA വഴി നൽകുന്നതിനും യു എ ഇ സർക്കാർ തീരുമാനിച്ചിരുന്നു. എമിറാത്തി പൗരന്മാർ, ജി സി സി പൗരന്മാർ, റെസിഡന്റ് വിസക്കാർ എന്നിവർക്ക് തങ്ങളുടെ വിസകൾ, ഐഡന്റിറ്റി കാർഡുകൾ മുതലായ വിവിധ രേഖകളുടെ കാലാവധി നീട്ടുന്നതിനായി ICA സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്.
നിലവിൽ യു എ ഇയിൽ തുടരുന്ന ഇത്തരം വിഭാഗങ്ങളിലുള്ളവർ തങ്ങളുടെ രേഖകളുടെ സാധുത സമയബന്ധിതമായി പുതുക്കാൻ ICA ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം സേവനങ്ങൾക്കായുള്ള തിരക്ക് ഒഴിവാക്കുന്നതിനായി, രേഖകളുടെ കാലാവധി അനുസരിച്ച്, അപേക്ഷകൾ സ്വീകരിക്കുന്ന ഘട്ടം ഘട്ടമായുള്ള സമയ പരിധികളും ICA അറിയിച്ചിട്ടുണ്ട്:
- 12 ജൂലൈ, ഞായറാഴ്ച്ച മുതൽ, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റെസിഡൻസി വിസ, ഐഡി കാർഡ് എന്നിവയുടെ കാലാവധി അവസാനിച്ചവർക്കാണ് സേവനങ്ങൾ നൽകുന്നത്. ഈ വിഭാഗക്കാർക്ക് ഞായറാഴ്ച്ച മുതൽ ഇവ പുതുക്കുന്നതിനായുള്ള അപേക്ഷകൾ ICA-ക്ക് സമർപ്പിക്കാവുന്നതാണ്.
- റെസിഡൻസി വിസ, ഐഡി കാർഡ് എന്നിവയുടെ കാലാവധി മെയ് മാസത്തിൽ അവസാനിച്ചവർക്ക് ഓഗസ്റ്റ് 11 മുതൽ ഇവ പുതുക്കുന്നതായി അപേക്ഷിക്കാവുന്നതാണ്.
- ജൂൺ മാസത്തിലും, ജൂലൈ 1 മുതൽ ജൂലൈ 11 വരെയുള്ള കാലയളവിലും റെസിഡൻസി വിസ, ഐഡി കാർഡ് എന്നിവയുടെ കാലാവധി അവസാനിച്ചവർക്ക് സെപ്റ്റംബർ 10 മുതൽ ഇവ പുതുക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്.
- ജൂലൈ 11-നു ശേഷം റെസിഡൻസി വിസ, ഐഡി കാർഡ് എന്നിവയുടെ കാലാവധി അവസാനിക്കുന്നവർക്ക്, എപ്പോൾ വേണമെങ്കിലും ഇവ പുതുക്കുന്നതിനായി ICA-യുടെ സേവനം ഉപയോഗിക്കാവുന്നതാണ്.
ഇത്തരം സേവനങ്ങൾക്കായി കഴിയുന്നതും ഡിജിറ്റൽ സ്മാർട്ട് രീതികൾ ഉപയോഗിക്കാനും ICA നിർദ്ദേശിച്ചിട്ടുണ്ട്.