ഉം അൽ കുവൈൻ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

featured UAE

യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഉം അൽ കുവൈൻ പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി. നേരത്തെ അജ്‌മാൻ, ഷാർജ എന്നീ എമിറേറ്റുകളും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു.

നവംബർ 1 വരെയുള്ള ട്രാഫിക് പിഴകൾക്കാണ് ഉം അൽ കുവൈനിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹന ഉടമകൾക്ക് ഡിസംബർ 1 മുതൽ 2022 ജനുവരി 6 വരെയുള്ള കാലയളവിൽ ഈ ഇളവിന്റെ ആനുകൂല്യം ലഭിക്കുന്നതാണ്. ഈ കാലയളവിൽ ഇത്തരം പിഴതുകകൾ 50 ശതമാനം കുറയ്ക്കുന്നതിനൊപ്പം, ഇവയുമായി ബന്ധപ്പെട്ട ട്രാഫിക് പോയിന്റുകൾ, വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടികൾ എന്നിവ ഒഴിവാക്കാനും ഉം അൽ കുവൈൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

അപകടകരമായ വിധത്തിൽ വാഹനങ്ങൾ ഉപയോഗിക്കുക, വാഹനങ്ങളുടെ എഞ്ചിൻ, ചട്ടക്കൂട് എന്നിവയിൽ പെർമിറ്റുകളില്ലാതെ മാറ്റം വരുത്തുക, COVID-19 നിയമങ്ങളിൽ വീഴ്ച്ച വരുത്തുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങൾ ഒഴികെയുള്ള ട്രാഫിക് ലംഘനങ്ങൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമാകുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പ് സംവിധാനം, ഉം അൽ കുവൈൻ പോലീസിന്റെ സ്മാർട്ട് ആപ്പ് സംവിധാനം, ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഓൺലൈൻ പേയ്മെന്റ് സംവിധാനം, ‘Sahl’ ഇലക്ട്രോണിക് പേയ്മെന്റ് കിയോസ്കുകൾ എന്നിവ ഉപയോഗിച്ചും, ഉം അൽ കുവൈൻ പോലീസിന്റെ സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്തിയും ഈ പിഴ തുകകൾ അടയ്ക്കാവുന്നതാണ്.