എമിറേറ്റിലെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ ഉം അൽ ഖുവൈൻ അധികൃതർ തീരുമാനിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ഉം അൽ ഖുവൈൻ പോലീസ് ജനറൽ കമാൻഡ് പ്രഖ്യാപിച്ചിട്ടുള്ള ഈ ഇളവ് 2023 നവംബർ 1-ന് മുൻപ് ചുമത്തപ്പെട്ടിട്ടുള്ള ട്രാഫിക് പിഴുതുകകൾക്കാണ് ബാധകമാകുന്നത്.
2023 ഡിസംബർ 1 മുതൽ 2024 ജനുവരി 7 വരെയുള്ള കാലയളവിലാണ് ഈ ഇളവ് ലഭിക്കുന്നത്. ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾക്ക് ഒഴികെയുള്ള പിഴതുകകൾക്ക് ഈ ഇളവ് ലഭ്യമാക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും നിശ്ചിത കാലയളവിൽ കുടിശ്ശികയുള്ള പിഴകൾ തീർപ്പാക്കാൻ വ്യക്തികളെ പ്രേരിപ്പിക്കുന്നതിനും ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. ഡ്രൈവറെയോ മറ്റുള്ളവരെയോ അപകടപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കുക, പൊതു അല്ലെങ്കിൽ സ്വകാര്യ സ്വത്ത് നശിപ്പിക്കുന്ന വിധത്തിൽ വാഹനം ഓടിക്കുക, ചുവന്ന സിഗ്നൽ മറികടക്കുക, മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കുക, ട്രാഫിക് പെർമിറ്റ് ഇല്ലാതെ വാഹനത്തിന്റെ എഞ്ചിൻ പരിഷ്ക്കരിക്കുക തുടങ്ങിയ ഗുരുതര ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴതുകകളിൽ ഈ ഇളവ് ബാധകമല്ല.
WAM