സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഫർസാൻ ദ്വീപുകളെ UNESCO തങ്ങളുടെ ബയോസ്ഫിയർ റിസേർവ് വേൾഡ് നെറ്റ്വർക്കിൽ ഉൾപ്പെടുത്തി. UNESCO-യുടെ ജൈവമണ്ഡല സംവരണമേഖല പദ്ധതിയായ ‘മാൻ ആൻഡ് ബയോസ്ഫിയർ’ (MAB) പദ്ധതിയുടെ കീഴിൽ ഇത്തരത്തിൽ 21 രാജ്യങ്ങളിൽ നിന്നുള്ള 20 ഇടങ്ങളെ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബർ 15-ന് വൈകീട്ടാണ് UNESCO മാൻ ആൻഡ് ബയോസ്ഫിയർ ഇക്കാര്യം അറിയിച്ചത്. സൗദിയിൽ നിന്ന് ബയോസ്ഫിയർ റിസേർവിലേക്ക് ഉൾപ്പെടുത്തുന്ന ആദ്യ ഇടമാണ് ഫർസാൻ ദ്വീപുകൾ.
ഭൂമിയിൽ നിലവിൽ ഏതാണ്ട് അഞ്ച് ശതമാനത്തോളം ഭാഗം UNESCO ബയോസ്ഫിയർ റിസേർവ് നെറ്റ്വർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൈവവൈവിദ്ധ്യത്തിന്റെ പരിപാലനം, പരിസ്ഥിതി സംബന്ധമായ വിദ്യാഭ്യാസം, ഗവേഷണം, സുസ്ഥിരമായ വികസനം എന്നിവ മുൻനിർത്തിയാണ് മേഖലകളെ ഇത്തരത്തിൽ ജൈവമണ്ഡല സംവരണമേഖലകളായി പ്രഖ്യാപിക്കുന്നത്.
സൗദിയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു പവിഴദ്വീപസമൂഹമാണ് ഫർസാൻ. ജിസാനിൽ നിന്ന് ഏതാണ്ട് 40 കിലോമീറ്ററോളം ദൂരത്തിൽ ചെങ്കടലിലാണ് ഫർസാൻ സ്ഥിതി ചെയ്യുന്നത്. ചെങ്കടലിലെ സുപ്രധാനമായതും, സങ്കീർണമായതുമായ ഒരു ആവസവസ്ഥയാണ് ഫർസാനിലുള്ളത്. വംശനാശഭീഷണി നേരിടുന്ന കടല്‍പ്പശുക്കൾ, അത്യപൂർവമായ ഇനം കണ്ടല്‍വൃക്ഷങ്ങൾ, അറേബ്യൻ ഗസൽ മാനുകൾ, യൂറോപ്പിൽ നിന്നുൾപ്പടെയെത്തുന്ന ദേശാടനപക്ഷികൾ തുടങ്ങിയ അപൂർവ്വമായ ജന്തു വർഗ്ഗങ്ങളുടെയും, സസ്യങ്ങളുടെയും ഒരു കേന്ദ്രമാണ് ഫർസാൻ.
Cover Image: Saudi Press Agency.