ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 3-ൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദന പ്രവർത്തനങ്ങൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) അറിയിച്ചു. 2022 ഫെബ്രുവരി 24-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
യൂണിറ്റ് 3-ലെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ യു എ ഇയുടെ ദേശീയ വൈദ്യുതി ഗ്രിഡിലേക്ക് 1400 മെഗാവാട്ട് സീറോ-കാർബൺ എമിഷൻ വൈദ്യുതി അധികമായി ലഭ്യമാക്കുന്ന നടപടികൾക്ക് തുടക്കമായിട്ടുണ്ട്. ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1, യൂണിറ്റ് 2 എന്നിവയിൽ 1400 മെഗാവാട്ട് വീതമുള്ള വൈദ്യുതി ഉത്പാദനം നേരത്തെ ആരംഭിച്ചിരുന്നു.
യൂണിറ്റ് 3-ൽ നിന്നുള്ള വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ രാജ്യത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്ന് വിതരണം ചെയ്യാനുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിന്റെ മുക്കാൽ ഭാഗവും കൈവരിക്കുക എന്ന ലക്ഷ്യത്തിലെത്താൻ ENEC-ക്കിനും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും സാധിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിനിടയിൽ ഓരോ വർഷവും ഈ ആണവോർജ്ജനിലയത്തിലെ ഓരോ യൂണിറ്റിൽ നിന്നും വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ENEC-ക്കിന് സാധിച്ചു.
ഇതോടെ ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1, യൂണിറ്റ് 2, യൂണിറ്റ് 3 എന്നിവയിൽ നിന്നായി ആകെ 4200 മെഗാവാട്ട് കാർബൺ രഹിത വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ഈ പ്ലാന്റ് അബുദാബിയിലെ അൽ ദഫ്റ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.
ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 3-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി വിജയകരമായി പൂർത്തിയാക്കിയതായി ENEC 2022 ഒക്ടോബർ 8-ന് അറിയിച്ചിരുന്നു.
സമാധാന ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യത്തെ രാജ്യമാണ് യു എ ഇ. നവാഹ് എനർജി കമ്പനിയുടെ (Nawah) കീഴിലാണ് ബറാഖ ആണവോർജ്ജനിലയം പ്രവർത്തിക്കുന്നത്. യു എ ഇയിലെയും അറബ് ലോകത്തിലെയും ആദ്യത്തെ മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ആണവ നിലയമായ ബറാഖയിൽ ആകെ നാല് യൂണിറ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.