സൗദി: വിസിറ്റ് വിസകൾ റെസിഡൻസി പെർമിറ്റിലേക്ക് മാറ്റുന്നതിന് അനുമതിയിലെന്ന് ജവാസത്

GCC News

രാജ്യത്ത് വിസിറ്റ് വിസകളിൽ നിന്ന് റെസിഡൻസി പെർമിറ്റിലേക്ക് (ഇഖാമ) മാറുന്നതിന് നിയമപരമായി അനുമതിയില്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട് (ജവാസത്) വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നിശ്ചിത തുക ഫീസായി അടച്ച് കൊണ്ട് വിസിറ്റ് വിസകളിൽ നിന്ന് റെസിഡൻസി പെർമിറ്റുകളിലേക്ക് മാറാൻ കഴിയുമെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ജവാസത് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിസ മാറ്റങ്ങൾ സൗദിയിൽ അനുവദനീയമല്ലെന്നും, ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

“സൗദിയിലെ നിലവിലെ നിയമങ്ങൾ പ്രകാരം വിസിറ്റ് വിസ ഇഖാമയിലേക്ക് മാറ്റുന്നതിന് വ്യവസ്ഥയില്ല. ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങളോ, തീരുമാനങ്ങളോ പുറത്തിറക്കുന്ന സാഹചര്യത്തിൽ അധികൃതർ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ നൽകുന്നതാണ്.”, ജവാസത് വൃത്തങ്ങൾ വ്യക്തമാക്കി.

വിസിറ്റ് വിസകളിൽ സൗദിയിലേക്ക് പ്രവേശിക്കുന്ന വ്യക്തികൾക്ക് രാജ്യത്ത് തൊഴിലെടുക്കുന്നതിന് അനുമതി ഇല്ലെന്നും ജവാസത് കൂട്ടിച്ചേർത്തു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.