ഖത്തർ: ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന് കീഴിൽ തൊഴിലവസരങ്ങളുണ്ടെന്നത് വ്യാജപ്രചാരണമെന്ന് ILO മുന്നറിയിപ്പ് നൽകി

Qatar

ഖത്തറിൽ തങ്ങളുടെ ഓഫീസുകളിൽ തൊഴിലവസരങ്ങളുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO) മുന്നറിയിപ്പ് നൽകി. 2023 ഫെബ്രുവരി 21-നാണ് ILO ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഖത്തറിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന് കീഴിൽ തൊഴിലവസരങ്ങളുണ്ടെന്നത് വ്യാജപ്രചാരണമാണെന്നും, ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും ILO മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തറിലെ ILO ഓഫീസുകളിൽ നിലവിൽ തൊഴിലവസരങ്ങളൊന്നും ഇല്ലെന്ന് അധികൃതർ ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

മാത്രമല്ല, തൊഴിലവസരങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും, ഇതിനുള്ള അപേക്ഷകളും ILO വാട്സ്ആപ്പിലൂടെ നൽകുകയോ, സ്വീകരിക്കുകയോ ചെയ്യാറില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. https://www.ilo.org/global/lang–en/index.htm എന്ന ഔദ്യോഗിക വെബ്‌സൈറ്റിന് കീഴിലുള്ള ഇമെയിൽ വിലാസങ്ങളിൽ (@ilo.org) നിന്നുള്ളതല്ലാത്ത, ILO-യുടെ ഔദ്യോഗിക സന്ദേശങ്ങൾ എന്ന രീതിയിൽ ലഭിക്കുന്ന ഇമെയിൽ സന്ദേശങ്ങൾ തള്ളിക്കളയാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.

ILO-യുടെ ഔദ്യോഗിക നിയമനങ്ങളുടെ ഒരു ഘട്ടത്തിലും (അപ്ലിക്കേഷൻ, ഇന്റർവ്യൂ, പ്രോസസ്സിംഗ്, ട്രെയിനിങ്ങ് തുടങ്ങിയ) ഒരു തരത്തിലുള്ള ഫീസുകളും വാങ്ങാറില്ലെന്നും, ഇത്തരം ഫീസുകൾ ആവശ്യപ്പെട്ടുള്ള അപേക്ഷകൾ നിരസിക്കണമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെടുന്ന പൊതുജനങ്ങൾക്ക് ആ വിവരം doha@ilo.org എന്ന ഇമെയിൽ വിലാസത്തിലും, പ്രാദേശിക പോലീസ് അധികൃതരെയും അറിയിക്കാവുന്നതാണ്.