യു എ ഇ: റാഷിദ് റോവറിന്റെ വിക്ഷേപണം തത്സമയം കാണാം

GCC News

2022 നവംബർ 30-ന് നടക്കാനിരിക്കുന്ന റാഷിദ് റോവറിന്റെ വിക്ഷേപണം പൊതുജനങ്ങൾക്ക് ഓൺലൈനിലൂടെ തത്സമയം കാണാമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു. 2022 നവംബർ 30, ബുധനാഴ്ച രാവിലെ 10:30 (യു എ ഇ സമയം) മുതലാണ് വിക്ഷേപണത്തിന്റെ ഓൺലൈൻ സ്ട്രീമിങ്ങ് ആരംഭിക്കുന്നത്.

http://www.mbrsc.ae/lunar/ എന്ന വിലാസത്തിൽ നിന്ന് ഈ തത്സമയ സംപ്രേക്ഷണം ലഭ്യമാണ്.

എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവറിന്റെ വിക്ഷേപണം 2022 നവംബർ 30-ലേക്ക് മാറ്റിയതായി 2022 നവംബർ 24-ന് MBRSC അറിയിച്ചിരുന്നു. റാഷിദ് റോവറിന്റെ വിക്ഷേപണം 2022 നവംബർ 30, ബുധനാഴ്ച യു എ ഇ സമയം ഉച്ചയ്ക്ക് 12.39-ന് ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് നടക്കുന്നതാണ്.

സാങ്കേതിക കാരണങ്ങൾ കൊണ്ട് വിക്ഷേപണത്തിന് തടസം നേരിടുന്ന സാഹചര്യത്തിൽ 2022 ഡിസംബർ 1-ന് യു എ ഇ സമയം 12.37 pm എന്ന മറ്റൊരു ലോഞ്ച് ഡേറ്റും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.

ജാപ്പനീസ് കമ്പനിയായ ഐസ്പേസ് നിർമ്മിച്ചിട്ടുള്ള Hakuto-R M1 എന്ന ലൂണാർ ലാൻഡറിലാണ് റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത്. ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഒരു സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് റാഷിദ് റോവർ വിക്ഷേപിക്കുന്നത്.

ചന്ദ്രോപരിതലത്തിൽ 47.5°N, 44.4°E എന്ന സ്ഥാനത്ത് സ്ഥിതിചെയ്യുന്ന അറ്റ്ലസ് ക്രേറ്ററിലാണ് റാഷിദ് റോവർ ഇറങ്ങുന്നതെന്നും MBRSC സ്ഥിരീകരിച്ചിട്ടുണ്ട്. റാഷിദ് റോവർ 2023 ഏപ്രിലിൽ ചന്ദ്രോപരിതലത്തിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം ലക്ഷ്യമിട്ട് യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്നതായി 2020 നവംബറിൽ MBRSC അറിയിച്ചിരുന്നു. ഈ പര്യവേഷണത്തിന്റെ ഭാഗമായാണ് പൂർണ്ണമായും MBRSC-യിൽ നിർമ്മിച്ചിട്ടുള്ള റാഷിദ് റോവർ എന്ന ചെറു ചന്ദ്രയാത്ര പേടകം ചന്ദ്രോപരിതല പഠനങ്ങൾക്കായി വിക്ഷേപിക്കപ്പെടുന്നത്.

Cover Image: WAM.