ഇന്ന് രുചികൂട്ടിലൂടെ ഓവനും, ബീറ്ററും ഇല്ലാതെ എളുപ്പത്തിൽ എങ്ങിനെ ഒരു അടിപൊളി വൈറ്റ് ഫോറസ്റ്റ് കേക്ക് തയ്യാറാക്കാം എന്ന് നോക്കാം.
വൈറ്റ് ഫോറസ്റ്റ് കേക്ക് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ:
മൈദ- ഒന്നര ഗ്ലാസ്
പഞ്ചസാര പൊടിച്ചത് – അരഗ്ലാസ്
സൺ ഫ്ലവർ ഓയിൽ – കാൽ ഗ്ലാസ്
ഉപ്പ് – ഒരു നുള്ള്
ബേക്കിംഗ് സോഡാ – കാൽ ടീസ്പൂൺ
ബേക്കിംഗ് പൗഡർ – ഒരു ടീസ്പൂൺ
വാനില എസൻസ് – രണ്ട് ടീസ്പൂൺ
മുട്ട – 2 എണ്ണം
പാൽ – 5 സ്പൂൺ
വിപ്പിംഗ് ക്രീം – 500ml
വൈറ്റ് ചോക്ലേറ്റ് ബാർ – ഒരു വലിയ പീസ്
ചെറി- അലങ്കരിക്കാൻ ആവശ്യത്തിന്
ഇനി എങ്ങനെ വൈറ്റ് ഫോറസ്റ്റ് കേക്ക് പാകം ചെയ്യാം എന്ന് നോക്കാം…
- ആദ്യമേ ഒരു പാത്രത്തിലേക്ക് മൈദയും, ഉപ്പും, ബേക്കിംഗ് സോഡയും, ബേക്കിംഗ് പൗഡറും മിക്സ് ചെയ്ത് മൂന്ന് പ്രാവശ്യം അരിച്ചെടുത്തു വയ്ക്കുക.
- ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട പൊട്ടിച്ച് ചേർക്കുക. അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക നന്നായി പതഞ്ഞുവരുമ്പോൾ, കാൽ ഗ്ലാസ് ഓയിലും, ഒരു സ്പൂൺ വാനില എസൻസും, പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക.
- അതിനുശേഷം അടിച്ചെടുത്ത ബാറ്ററിലേക്ക്, നേരത്തെ മിക്സ് ചെയ്തു വെച്ചിരിക്കുന്ന മൈദ കൂട്ട് കുറേശ്ശെയായി ഇട്ടുകൊടുത്തു ഇളക്കിക്കൊടുക്കുക. ഇളക്കി യോജിപ്പിക്കുമ്പോൾ ഒരേ ദിശയിലേക്ക് തന്നെ മയത്തിൽ സ്പൂൺകൊണ്ട് ഇളക്കാൻ ശ്രദ്ധിക്കുക. കൂടുതൽ സമയം മിക്സ് ചെയ്യേണ്ട ആവശ്യമില്ല. ( കൂടുതൽ സമയം ഇളക്കി കൊടുത്താൽ കേക്ക് ഹാർഡ് ആയി പോകാൻ ചാൻസ് ഉണ്ട്) എല്ലാം കൂടി നന്നായി യോജിച്ച് ഒരു കുഴമ്പ് രൂപത്തിലാക്കുക. അധികം കട്ട ആകാനോ, അധികം ലൂസ് ആകാനോ പാടില്ല.
- ഈ ബാറ്റർ പാകംചെയ്യാൻ എടുത്തു വച്ചിരിക്കുന്ന പാത്രത്തിൽ കുറച്ച് ഓയിൽ തേച്ച്, അതിലൊരു ബട്ടർ പേപ്പർ വെച്ചതിനുശേഷം (ബട്ടർ പേപ്പർ ഇല്ലെങ്കിൽ A4 പേപ്പർ കട്ട് ചെയ്തു രണ്ടുവശവും ഓയിൽ തേച്ചു എടുത്താൽ മതി) അതിലേക്ക് ഒഴിച്ചുകൊടുക്കുക. ഒഴിച്ചതിനു ശേഷം പാത്രം നന്നായി ഒന്ന് തട്ടി കൊടുക്കുക, എയർ ബബിൾസ് ഒന്നു മാറുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
- 10 മിനിറ്റ് മീഡിയം തീയിൽ വച്ച് ചൂടാക്കിയ ഒരു വട്ട പാത്രത്തിന്റെ അകത്തേക്കോ, അല്ലെങ്കിൽ ഒരുദോശക്കല്ലിലേക്കോ ഈ കേക്കിന്റെ മിശ്രിതം നിറച്ച പാത്രം എടുത്തുവെച്ച്, ഏറ്റവും കുറഞ്ഞ തീയിൽ ഒരു 30 മിനിറ്റ് സമയം നന്നായി മൂടിവെച്ച് വേവിക്കുക.
- മുപ്പതു മിനിറ്റിനുശേഷം മൂടി തുറന്ന് കേക്കിന്റെ നടുഭാഗം ഒരു സ്റ്റിക് ഉപയോഗിച്ച് കുത്തി നോക്കുക സ്റ്റിക്കിൽ മാവ് ഒട്ടിപിടിക്കുന്നില്ലെങ്കിൽ നമ്മുടെ കേക്ക് റെഡിയായി അതല്ലെങ്കിൽ കുറച്ചുസമയം കൂടി വേവിച്ചെടുക്കുക.
- വേവിച്ചെടുത്ത കേക്ക് നന്നായി തണുത്തതിനുശേഷം പാത്രത്തിൽ നിന്ന് മാറ്റുക.
- കേക്കിനെ വട്ടത്തിൽ രണ്ടോമൂന്നോ ഭാഗമായി മുറിക്കുക.
- ഒരു ഗ്ലാസ് വെള്ളം ചൂടാക്കി, അതിലേക്ക് പഞ്ചസാര 5 സ്പൂൺ ഇട്ട് നന്നായി ചൂടാക്കി എടുത്ത മിശ്രിതം തണുപ്പിച്ചതിന് ശേഷം മുറിച്ചു വച്ചിരിക്കുന്ന കേക്കിന്റെ ക്രീം തേക്കേണ്ട ഭാഗത്ത് കുറേശ്ശെ ഒഴിച്ചു കൊടുക്കുക. (ഇത് കേക്ക് സോഫ്റ്റ് ആയി കിട്ടാൻ സഹായിക്കും)
- മിക്സിയുടെ ജാർ കുറച്ചുനേരം ഫ്രിഡ്ജിൽ വെച്ച് ഒന്ന് തണുപ്പിച്ചതിനുശേഷം അതിലേക്ക് തണുത്ത വിപ്പിംഗ് ക്രീം ഒഴിച്ച് ഒരു ഒന്നര മിനിറ്റ് നന്നായി അടിച്ചെടുക്കുക. ജാറിൽ നിന്ന് താഴേക്ക് കമിഴ്ത്തിയാൽ, താഴേക്ക് വീഴാത്ത പരുവത്തിൽ അടിച്ചെടുക്കുക.
- ഈ ക്രീം പഞ്ചസാര ലായനി ഒഴിച്ച് റെഡിയാക്കി വെച്ചിരിക്കുന്ന കേക്ക് കഷണങ്ങളിൽ തേച്ചുപിടിപ്പിക്കുക. എല്ലാ സൈഡിലും തേച്ച്, ഒരു സ്പൂൺ കൊണ്ട് എല്ലാ വശവും നന്നായി യോജിപ്പിക്കുക. ഏറ്റവും മുകളിൽ വൈറ്റ് ചോക്ലേറ്റ്, ഒരു ഗ്രേറ്റർ കൊണ്ട് ഗ്രേറ്റ് ചെയ്തു മുകളിലും സൈഡ് ഭാഗത്തും ഇട്ടുകൊടുക്കുക.
- ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് കേക്കിനു മുകളിൽ, ഡിസ്പോസിബിൾ പൈപ്പിംഗ് ബാഗിൽ വിപ്പിംഗ് ക്രീം നിറച്ച് ഫ്ലവർന്റെ നോസിൽ കൊണ്ട് ഫ്ളവറോ മറ്റു ഡിസൈനുകളോ ഉണ്ടാക്കി അതിനുമുകളിൽ ചെറി വെച്ച് അലങ്കരിക്കുക.
- ഇങ്ങനെ തയ്യാറാക്കിയ കേക്ക് കുറച്ചുസമയം ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്ത് എടുത്തതിനുശേഷം കഴിക്കാവുന്നതാണ് ….
അങ്ങനെ മനോഹരവും രുചികരവുമായ വൈറ്റ് ഫോറസ്റ്റ് കേക്ക് റെഡിയായി…
തയ്യാറാക്കിയത്: ബിനി. C.X, ഇടപ്പള്ളി, കൊച്ചി