മുത്തശ്ശൻ കുട്ടുവിനോട് ചോദിച്ചു “മോനെ ഇന്ന് ലോക പരിസ്ഥിതി ദിനമല്ലേ, മുറ്റത്തേയ്ക്ക് വാ നമുക്കൊരു ഒരു ചെടി നടാം…”.
“പിന്നേ, ഈ ഒരു ദിവസം മരം നട്ടാൽ ലോകം നന്നാവൂലോ !” കുട്ടു പിറുപിറുത്ത് അകത്തേയ്ക്ക് പോയി…
ഇത് ശ്രദ്ധിച്ച മുത്തശ്ശൻ, മൊബൈലിൽ ചെടി നട്ടുകൊണ്ടിരുന്ന അവനോട് പറഞ്ഞു “ഏതൊരു കാര്യത്തിനും തുടക്കം ഒന്നിൽ നിന്നാണ്, പരിസ്ഥിതിയെ സ്നേഹിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും തുടങ്ങണം എന്ന ഓർമ്മപ്പെടുത്തലാണ് ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തിലൂടെ ഉദ്ദേശിക്കുന്നത്…”.
കുട്ടു മൊബൈലിൽ നിന്നും കണ്ണെടുക്കാതെ അപ്പൂപ്പനോട് പറഞ്ഞു, “നമ്മൾ ഒരാൾ വിചാരിച്ചാലൊന്നും ലോകം നന്നാവില്ല… മാത്രല്ല എനിക്കാണെങ്കിൽ ടൈമില്ല, മുത്തശ്ശൻ പോയേ!”.
കുട്ടു അപ്പൂപ്പനോട് പറയുന്ന കുസൃതി മൊബൈലിൽ പകർത്തി കുട്ടൂന്റെ അമ്മ സമൂഹത്തിലേക്ക് പകർന്നു കയ്യടിയും, ചിരിമൊട്ടയും വാരിക്കൂട്ടി…
എന്നാൽ തന്റെ കൊച്ചുമക്കൾക്ക് വലിയ പാഠങ്ങൾ പകർന്നു കൊടുക്കാമെന്ന ആഗ്രഹം മനസ്സിലൊതുക്കി ഉള്ളിലെ വിഷമം പുറത്തുകാണിക്കാനാകാതെ കയ്യിൽ കരുതിയ ആ രണ്ടു കുഞ്ഞു തൈകളുമായി മുത്തശ്ശൻ തൊടിയിലേക്കിറങ്ങി… അവ നടുമ്പോൾ ആ മനസ്സ് ഇങ്ങിനെ കരുതുന്നുണ്ടാകാം…
“ഈ തണൽ എനിക്കായല്ല…
നിനക്കുള്ളതാണ് പൈതലേ…
നിനക്ക് തണലേകും ഈ മരങ്ങളെ…
നീ കരുതീടുക, ഭൂമി നമുക്കൊന്ന് മാത്രം…
ഭൂമി നമുക്കൊന്ന് മാത്രം, സത്യം…”
Content: Vinod Kannath.
Cover Image: Snap by Rahul Das, from Devarayana hills near Tumkur, Karnataka, India.