ദുബായ്: പന്ത്രണ്ടാമത് ലോക സർക്കാർ ഉച്ചകോടി 2025 ഫെബ്രുവരി 11-ന് ആരംഭിക്കും

GCC News

പന്ത്രണ്ടാമത് ലോക സർക്കാർ ഉച്ചകോടി 2025 ഫെബ്രുവരി 11-ന് ദുബായിൽ ആരംഭിക്കും. 2025 ജനുവരി 29-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2025-ലെ വേൾഡ് ഗവണ്മെന്റ്സ് സമ്മിറ്റ് ഫെബ്രുവരി 11 മുതൽ 13 വരെയാണ്. ‘ഭാവിയിലെ സർക്കാരുകൾക്ക് രൂപംനൽകാം’ എന്ന പ്രമേയത്തിലൂന്നിയാണ് പന്ത്രണ്ടാമത് ലോക സർക്കാർ ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ഇത്തവണത്തെ വേൾഡ് ഗവണ്മെന്റ്സ് സമ്മിറ്റിൽ എല്ലാ വർഷത്തേക്കാൾ കൂടുതൽ ആഗോള പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. സർക്കാരുകളുമായി ബന്ധപ്പെട്ട ലോകത്തെ ഏറ്റവും വലിയതും, സ്വാധീനശക്തിയുള്ളതുമായ ചർച്ചാവേദിയാണ് വേൾഡ് ഗവണ്മെന്റ്സ് സമ്മിറ്റ് എന്ന് യു എ ഇ ക്യാബിനറ്റ് അഫയേഴ്‌സ് മന്ത്രിയും, വേൾഡ് ഗവണ്മെന്റ്സ് സമ്മിറ്റ് ഓർഗനൈസേഷൻ ചെയർമാനുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി ചൂണ്ടിക്കാട്ടി.

ആഗോളതലത്തിൽ സർക്കാരുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം കൂടുതൽ മികച്ചതാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിനുമുള്ള ഏറ്റവും മികച്ച വേദിയാണ് ലോക സർക്കാർ ഉച്ചകോടി.

ഇത്തവണത്തെ ലോക സർക്കാർ ഉച്ചകോടിയിൽ മുപ്പതിലധികം രാജ്യതലവന്മാർ പങ്കെടുക്കുന്നതാണ്. എൺപതിലധികം അന്താരാഷ്‌ട്ര സംഘടനകൾ, 140 സർക്കാർ പ്രതിനിധിസംഘങ്ങൾ, ആറായിരത്തിലധികം പങ്കാളികൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

ദുബായിൽ വെച്ച് നടന്ന ലോക സർക്കാർ ഉച്ചകോടി 2024-ൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ലോക സർക്കാർ ഉച്ചകോടി 2024-ലെ വിശിഷ്ടാതിഥിയായാണ് ഇന്ത്യ പങ്കെടുത്തത്.