ഫുട്ബാൾ എന്ന കായികമത്സരത്തിന്റെയും, ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെയും ചരിത്രം പറയുന്ന പ്രത്യേക പ്രദർശനമായ ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷൻ ഖത്തർ സാംസ്‌കാരിക വകുപ്പ് മന്ത്രി H.E. ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ താനി ഉദ്ഘാടനം ചെയ്തു. 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിൽ നടക്കുന്ന ഈ എക്സിബിഷൻ 2022 ഒക്ടോബർ 1, ശനിയാഴ്ചയാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.
ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ എക്സിബിഷൻ 2023 ഏപ്രിൽ 1 വരെ നീണ്ട് നിൽക്കുന്നതാണ്.
സന്ദർശകർക്ക് ഈ പ്രദർശനത്തിൽ നിന്ന് ഫുട്ബാൾ മത്സരങ്ങളുടെ തുടക്കകാലം മുതൽക്കുള്ള ചരിത്രം, വികാസം, ഫിഫ വേൾഡ് കപ്പ് ടൂർണമെന്റിന്റെ ആവിർഭാവം, ലോകകപ്പ് ചരിത്രം എന്നിവ അടുത്തറിയുന്നതിനൊപ്പം, ജനങ്ങളെ ഒരുമിപ്പിക്കുന്നതിൽ ഫുട്ബാളിനുള്ള സ്ഥാനം മനസിലാക്കുന്നതിനും അവസരം ലഭിക്കുന്നു. ആദ്യ ലോകകപ്പ് മുതൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 വരെയുള്ള ഈ ടൂർണമെന്റിന്റെ പരിണാമം ഈ പ്രദർശനത്തിലൂടെ വ്യക്തമാകുന്നതാണ്.
ഫുട്ബോൾ ആരാധകർക്കും, എല്ലാ പ്രായവിഭാഗങ്ങളിലുൾപ്പെടുന്നവർക്കും ഈ പ്രദർശനം ഒരു പ്രത്യേക അനുഭവമായിരിക്കുമെന്ന് 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയം പ്രഡിഡന്റ് H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ താനി അറിയിച്ചു. ‘ഫുട്ബോൾ ഫോർ ഓൾ, ഓൾ ഫോർ ഫുട്ബാൾ’, ‘ദി റോഡ് ടു ദോഹ ‘, ‘ഹിസ്റ്ററി ഇൻ ദി മേക്കിങ്ങ്’ എന്നിങ്ങനെ മൂന്ന് പ്രത്യേക വിഭാഗങ്ങളായാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഷർട്ട്, 1930-ൽ നടന്ന ആദ്യ ലോകകപ്പ് ഫൈനലിൽ ഉപയോഗിച്ച പന്ത്, ഫുട്ബാൾ മത്സരങ്ങളുടെ നിയമങ്ങൾ ആദ്യമായി എഴുതിച്ചേർത്ത ഗൈഡ്, ഓടിൽ തീർത്ത, ഫുട്ബാൾ മാന്ത്രികൻ പെലെയുടെ വലത് കാലിന്റെ മാതൃക തുടങ്ങിയവ ഈ പ്രദർശനത്തിന്റെ ഭാഗമാണ്.
Cover Image: Qatar News Agency.