ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് യു എ ഇ നടപ്പിലാക്കുന്ന ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ രാജ്യത്തെ പ്രധാന ഔട്ട്ഡോർ വിസ്മയക്കാഴ്ചകൾ അടുത്തറിയാനാകുന്നതാണ്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
https://worldscoolestwinter.ae/ എന്ന വിലാസത്തിലാണ് ഈ വെബ്സൈറ്റ് ലഭ്യമാക്കിയിരിക്കുന്നത്. സന്ദർശകർക്ക് ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളിൽ ഈ വെബ്സൈറ്റിലെ വിവരങ്ങൾ ലഭ്യമാണ്.
രാജ്യത്തെ നിവാസികളും, പൗരന്മാർക്കും യു എ ഇയിലെ ഏഴ് എമിറേറ്റുകളിലെയും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന രീതിയിലാണ് ഈ വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്. യു എ ഇയിലെ പ്രശസ്തമായ ബസാറുകൾ, സൈക്കിൾ പാതകൾ, വിവിധ ദ്വീപുകൾ, ബീച്ചുകൾ, ഹെറിറ്റേജ് ഇടങ്ങൾ, ഹൈക്കിങ്ങ് പാതകൾ, ക്യാമ്പിംഗ് ഇടങ്ങൾ, കുട്ടികൾക്ക് മികച്ച ആസ്വാദനം ഉറപ്പ് വരുത്തുന്ന ഇടങ്ങൾ മുതലായ വിഭാഗങ്ങളിൽ 290-ഓളം ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വിവരങ്ങൾ ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യു എ ഇയിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും, അതിലൂടെ ആഭ്യന്തര ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ വെബ്സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്.
‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ എന്ന ഈ പ്രചാരണപരിപാടികളുടെ നാലാം ഘട്ടം ആരംഭിക്കുന്നതായി യു എ ഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
‘മറക്കാനാകാത്ത ചരിതങ്ങൾ’ എന്ന ആശയത്തിലൂന്നിയാണ് ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ നാലാമത് പതിപ്പ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി യു എ ഇയിലെ ആഭ്യന്തര ടൂറിസം മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള നിരവധി പരിപാടികൾ അരങ്ങേറുന്നതാണ്.
WAM