അബുദാബി: യാസ് വാട്ടർ വേൾഡ് സന്ദർശകർക്കായി തുറന്നുകൊടുത്തു

UAE

അബുദാബിയിലെ യാസ് വാട്ടർ വേൾഡ് തീം പാർക്ക് ഓഗസ്റ്റ് 4, ചൊവാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നു കൊടുത്തു. തീം പാർക്ക് സന്ദർശകർക്കായി ഔദ്യോഗികമായി തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി, തിങ്കളാഴ്ച്ച വാർഷിക പാസ് ഉള്ള സന്ദർശകർക്ക് മാത്രമായി പ്രത്യേക ആഘോഷങ്ങൾ ഒരുക്കിയിരുന്നു. ഓഗസ്റ്റ് 4, ചൊവാഴ്ച്ച മുതൽ മുൻ‌കൂർ ബുക്കിങ്ങ് നടത്തുന്ന സന്ദർശകർക്ക് യാസ് വാട്ടർ വേൾഡ് തീം പാർക്കിലേക്ക് സന്ദർശനം അനുവദിച്ചിട്ടുണ്ട്.

ഔദ്യോഗിക ചടങ്ങുകളുടെ ഭാഗമായി യാസ് വാട്ടർ വേൾഡിന്റെ പ്രതീകമായ ഡാന, സന്ദർശകരെ തീം പാർക്കിലേക്ക് സ്വീകരിച്ചു. പ്രവേശന ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക നൃത്തവിദ്യകളും ഒരുക്കിയിരുന്നു. സന്ദർശകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം നിഷ്‌കർഷിച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കിയ ശേഷമാണ് യാസ് വാട്ടർ വേൾഡ് സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുള്ളത്.

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പരമാവധി ശേഷിയുടെ 30 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്. ഇത് നടപ്പിലാക്കുന്നതിനായി പ്രവേശനങ്ങൾക്ക് ഓൺലൈനിലൂടെ മുൻകൂർ ബുക്കിങ്ങ് നിർബന്ധമാക്കിയിട്ടുണ്ട്. സന്ദർശകർ മുഴുവൻ സമയവും സമൂഹ അകലം, മാസ്കുകൾ മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. ദിനവും ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 10 വരെയാണ് യാസ് വാട്ടർ വേൾഡ് തീം പാർക്കിലേക്ക് പ്രവേശനം നൽകുന്നത്.

തീം പാർക്കിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഓഗസ്റ്റ് 1-നു അബുദാബി മീഡിയ ഓഫീസ് അറിയിപ്പ് നൽകിയിരുന്നു.

  • പരമാവധി ശേഷിയുടെ 30 ശതമാനം സന്ദർശകർക്ക് മാത്രം പ്രവേശനം. മുൻകൂർ ബുക്കിങ്ങ് നിർബന്ധമാണ്.
  • പ്രവേശന കവാടങ്ങളിൽ തെർമൽ സ്കാനിംഗ് ഉണ്ടായിരിക്കും.
  • റൈഡുകളിലുൾപ്പടെ സമൂഹ അകലം നിർബന്ധമാണ്.
  • പണമിടപാടുകൾ ഡിജിറ്റൽ രൂപത്തിൽ മാത്രം.
  • തീം പാർക്കിനകത്തുള്ള വാണിജ്യ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ എന്നിവ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കും.
  • റൈഡുകളിലും, ഭക്ഷണശാലകളിലും ഒരേസമയം ഉൾക്കൊള്ളാനാവുന്ന സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്.
  • മാസ്കുകൾ മുഴുവൻ സമയവും നിർബന്ധമാണ്. സന്ദർശകർക്ക് പെട്ടന്നുണങ്ങുന്ന തരത്തിലുള്ള മാസ്കുകൾ സൗജന്യമായി നൽകുന്നതാണ്.

അബുദാബിയിലെ തീം പാർക്കുകളായ ഫെറാറി വേൾഡ്, വാർണർ ബ്രോസ് വേൾഡ് എന്നിവ ജൂലൈ 28 മുതൽ സന്ദർശകർക്കായി തുറന്നു കൊടുത്തിരുന്നു.