അബുദാബി: സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

featured GCC News

സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ ഒരുങ്ങുന്ന സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും. 2025 ജൂലൈ 10-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടുള്ള ബഹുമാനസൂചകമായാണ് ഈ മ്യൂസിയം ഒരുക്കുന്നത്. വിദ്യാഭ്യാസം, ദേശീയത തുടങ്ങിയ മൂല്യങ്ങളോട് അദ്ദേഹം പുലർത്തിയിരുന്ന പ്രതിബദ്ധതയുടെ സൂചകമാണ് ഈ മ്യൂസിയം.

Source: Abu Dhabi Media Office.

ഷെയ്ഖ് സായിദ് മുന്നോട്ട് വെച്ചിരുന്ന ദർശനങ്ങൾ, മൂല്യങ്ങൾ, എമിറാത്തി സംസ്കാരം, പൈതൃകം തുടങ്ങിയവ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ഈ മ്യൂസിയത്തിൽ യു എ ഇയിൽ നിന്നും, മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള പ്രദർശനങ്ങൾ ഉൾപ്പെടുത്തുന്നതാണ്.

Source: Abu Dhabi Media Office.

രണ്ട് നിലകളിലായി ആറ് സ്ഥിരം ഗാലറികളിലൂടെ മൂന്ന് ലക്ഷം വർഷം നീളുന്ന മാനവചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് സായിദ് നാഷണൽ മ്യൂസിയം.

ആഗോള സംസ്കാരങ്ങളും, നാഗരികതകളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിൽ യു എ ഇ പുലർത്തുന്ന പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണ് സാദിയത് കൾച്ചറൽ ഡിസ്ട്രിക്ട്. ലൂവർ അബുദാബി മ്യൂസിയം, ഗുഗൻഹെയിം അബുദാബി, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി, ടീംലാബ് ഫിനോമിന അബുദാബി തുടങ്ങിയ നിരവധി സാംസ്‌കാരിക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിലാണ്.