സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ ഒരുങ്ങുന്ന സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബർ 3-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും. 2025 ഒക്ടോബർ 6-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
.@znmuae, supported by @dctabudhabi, will open on 3 December 2025 in Saadiyat Cultural District, exploring the UAE’s history and the legacy of Sheikh Zayed and his commitment to cultural heritage, education, identity and belonging. pic.twitter.com/gt9Ta1QTU3
— مكتب أبوظبي الإعلامي (@ADMediaOffice) October 16, 2025
യു എ ഇയുടെ ദേശീയ മ്യൂസിയം എന്ന രീതിയിലാണ് സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിന്റെ ഹൃദയഭാഗത്ത് ഈ മ്യൂസിയം ഒരുങ്ങുന്നത്. യു എ ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടുള്ള ബഹുമാനസൂചകമായാണ് ഈ മ്യൂസിയം ഒരുക്കുന്നത്.

വിദ്യാഭ്യാസം, ദേശീയത തുടങ്ങിയ മൂല്യങ്ങളോട് അദ്ദേഹം പുലർത്തിയിരുന്ന പ്രതിബദ്ധതയുടെ സൂചകമാണ് ഈ മ്യൂസിയം. ഷെയ്ഖ് സായിദ് മുന്നോട്ട് വെച്ചിരുന്ന ദർശനങ്ങൾ, മൂല്യങ്ങൾ, എമിറാത്തി സംസ്കാരം, പൈതൃകം തുടങ്ങിയവ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ഈ മ്യൂസിയത്തിൽ യു എ ഇയിൽ നിന്നും, മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള പ്രദർശനങ്ങൾ ഉൾപ്പെടുത്തുന്നതാണ്.
യു എ ഇയുടെ പുരാതനകാലം മുതൽ ഇന്ന് വരെയുള്ള ചരിത്രം ആഴത്തിലുള്ള ഒരു യാത്രയിലൂടെ രൂപത്തിൽ സന്ദർശകർക്ക് മുൻപിൽ ഈ മ്യൂസിയം അവതരിപ്പിക്കുന്നതാണ്. ഇതിനായി പുരാവസ്തു അവശേഷിപ്പുകളും, ചരിത്രപരമായ വസ്തുക്കളും ദൃശ്യ-ശ്രവ്യ സങ്കേതങ്ങളിലൂടെയും, ഇന്ദ്രിയാനുഭവങ്ങളിലൂടെയും സംയോജിപ്പിക്കുന്ന രീതിയാണ് മ്യൂസിയം അവലംബിക്കുന്നത്.
“യു എ ഇയുടെ ദേശീയ മ്യൂസിയം എന്ന രീതിയിൽ സായിദ് നാഷണൽ മ്യൂസിയം സന്ദർശകർക്ക് മുൻപിൽ നമ്മുടെ നാടിൻറെ ചരിതം, നമ്മുടെ ജനതയുടെ ചരിത്രം, നമ്മുടെ പാരമ്പര്യം എന്നിവ അവതരിപ്പിക്കും. ഈ മ്യൂസിയം ഷെയ്ഖ് സായിദ് മുന്നോട്ട് വെച്ചിരുന്ന ദർശനങ്ങൾ, മൂല്യങ്ങൾ എന്നിവയുടെ പ്രതിഫലനമാണ്. വിദ്യാഭ്യാസം, സംസ്കാരം, വിജ്ഞാനം തുടങ്ങിയ മേഖലകളിൽ അദ്ദേഹം പുലർത്തിയിരുന്ന വിശ്വാസം ഇന്നും നമ്മെ നയിക്കുന്നു. ഈ മ്യൂസിയത്തിൽ ചരിത്രവും, സാങ്കേതികവിദ്യയും സമന്വയിക്കുന്നു. ഈ മ്യൂസിയത്തിന്റെ ഉദ്ഘാടനം അബുദാബിയുടെ സാംസ്കാരിക പ്രയാണത്തിൽ ഒരു വലിയ നാഴികക്കല്ലായിരിക്കും.”, അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പ് ചെയർമാൻ H.E. മുഹമ്മദ് ഖലീഫ അൽ മുബാറക് അറിയിച്ചു.

രണ്ട് നിലകളിലായി ആറ് സ്ഥിരം ഗാലറികളിലൂടെ മൂന്ന് ലക്ഷം വർഷം നീളുന്ന മാനവചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് സായിദ് നാഷണൽ മ്യൂസിയം.
ആഗോള സംസ്കാരങ്ങളും, നാഗരികതകളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിൽ യു എ ഇ പുലർത്തുന്ന പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണ് സാദിയത് കൾച്ചറൽ ഡിസ്ട്രിക്ട്. ലൂവർ അബുദാബി മ്യൂസിയം, ഗുഗൻഹെയിം അബുദാബി, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി, ടീംലാബ് ഫിനോമിന അബുദാബി തുടങ്ങിയ നിരവധി സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിലാണ്.
Cover Image: Abu Dhabi Media Office.

