പൊള്ളയായ വാക്കുകൾക്കപ്പുറം പ്രവർത്തിയുടെ അപൂർവമായ ഒരു കാഴ്ച്ച ഈ പുതുവർഷത്തെ പ്രത്യാശയുടേതും, മാറുന്ന ചിന്തകളുടേതുമാക്കി മാറ്റുന്നു. പ്രകൃതിക്കായി ഒരു സംഘം സാധാരണക്കാർ കൈകോർത്തപ്പോൾ ഫോർട്ട് കൊച്ചിയിൽ കേവലം രണ്ട് മണിക്കൂർ കൊണ്ട് നീക്കം ചെയ്തത് മുപ്പത് ടൺ മാലിന്യം!
‘ഗ്രീൻ കൊച്ചി മിഷൻ ‘ പ്രവർത്തകരാണ് സകല മലയാളികൾക്കും പ്രചോദനമാകുന്ന ഈ മഹത്തായ കർമ്മം നിർവഹിച്ചത്. പുതുവർഷാഘോഷങ്ങളുടെ ബാക്കിപത്രങ്ങളാവാറുള്ള മാലിന്യ കൂമ്പാരത്തിനു മുന്നിൽ ആശങ്കയോടെ പകച്ച് നിൽക്കേണ്ടി വരാറുള്ള ഫോർട്ട്കൊച്ചിയെ, ഈ വർഷം ‘പ്രകൃതി സംരക്ഷണം, പരിസര മലിനീകരണ നിയന്ത്രണം, നമ്മുടെ കടമ‘ എന്ന വലിയ പാഠം പുതു തലമുറയുടെ മുന്നിൽ തങ്ങളുടെ പ്രവർത്തിയിലൂടെ പ്രാവർത്തികമാക്കി കാണിച്ചിരിക്കുകയാണ് ഈ നന്മയുടെ കൂട്ടുകാർ.
ജില്ലാ ഭരണകൂടവും, കേരളാ ലീഗൽ സർവ്വീസസ് അതോറിറ്റിയും ചേർന്ന് സംഘടിപ്പിച്ച ഈ പരിപാടിയുടെ ഭാഗമായി രാവിലെ 7 മണിക്ക് ഫോർട്ട്കൊച്ചിയിൽ അണിചേർന്ന 4,875ഓളം ‘ഗ്രീൻ കൊച്ചി മിഷൻ’ പ്രവർത്തകരിൽ സമൂഹത്തിന്റെ എല്ലാ തുറകളിലിലുള്ളവരും പങ്കാളികളായിരുന്നു. നാവികസേന, കോസ്റ്റ് ഗാർഡ്, പോലീസ്, എക്സൈസ് തുടങ്ങി ഇരുപതോളം സർക്കാർ വകുപ്പുകളിൽ നിന്നുള്ള പ്രവർത്തകരും, കുടുംബശ്രീ പ്രവർത്തകരും, വിദ്യാർത്ഥികളും, നല്ലവരായ മറ്റു സന്നദ്ധപ്രവർത്തകരും, നാട്ടുകാരും ഒത്ത് ചേർന്നപ്പോൾ രണ്ട് മണിക്കൂർ കൊണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെ 30 ടണോളം മാലിന്യം ആണ് നീക്കം ചെയ്തത്. ഇവരോടൊപ്പം മെയ്ക്ക് ഫ്രണ്ട്ഷിപ് കൂട്ടായ്മയും പങ്ക് ചേർന്നു.
ഫോർട്ട്കൊച്ചിയിലെ റോഡുകൾ, ബീച്ച്, മൈതാനങ്ങൾ എന്നിവിടങ്ങൾ എല്ലാം ഈ പ്രവർത്തനത്തിന്റെ ഭാഗമായി മാലിന്യമുക്തമായി. നീക്കം ചെയ്ത മാലിന്യം പ്രവർത്തകർ തന്നെ തരം തിരിക്കുകയും പിന്നീട് മാലിന്യസംസ്ക്കരണത്തിനായി അയക്കുകയും ചെയ്തു.
ഇവിടെ നിന്ന് ശേഖരിച്ച ഭക്ഷ്യമാലിന്യങ്ങൾ കമ്പോസ്റ്റ് നിർമാണത്തിനായും, റീസൈക്കിൾ ചെയാവുന്ന പ്ലാസ്റ്റിക് പുനർ ഉപയോഗത്തിനായും, റീസൈക്കിൾ ചെയ്യാൻ സാധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യം സിമന്റ് നിർമാണ ഫാക്ടറികളിലെ ഉയർന്ന താപത്തിൽ പ്രവർത്തിക്കുന്ന ചൂളകൾക്കുള്ള ഇന്ധനമായുമാണ് സംസ്കരിക്കുക.
ഈ മാലിന്യനിർമ്മാർജ്ജന യജ്ഞത്തിൽ പങ്ക് ചേർന്ന പല പ്രവർത്തകരും ദിനവും ഇത്തരം മാലിന്യങ്ങൾ നീക്കാനായി സമൂഹത്തിൽ തൊഴിൽ ചെയ്യുന്നവരുടെ പ്രശ്നങ്ങളെക്കുറിച്ചു ഉത്കണ്ഠാകുലരായി. അതുപോലെ ദിനവും വർദ്ധിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തെകുറിച്ചും, പ്ലാസ്റ്റിക് ഉപയോഗത്തിൽ വരേണ്ട നിയന്ത്രണങ്ങളെ കുറിച്ചും, ബോധവത്കരണ പ്രചാരണ പരിപാടികളെ കുറിച്ചും എല്ലാം പരസ്പരം നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും കൈമാറി.
സന്നദ്ധപ്രവർത്തകർ ആവേശത്തോടെ ഈ കർമ്മം എറ്റെടുത്തപ്പോൾ അത് ഉത്തരാവാദിത്തത്തോടെയുള്ള ആഘോഷങ്ങളുടെയും, ഓരോരുത്തരുടെയും സമൂഹത്തിനോടുള്ള കടമകളുടെയും ഓർമപ്പെടുത്തൽ കൂടിയായി മാറി.ഇത്തരം പ്രവർത്തനങ്ങൾ പലരുടെയും കണ്ണ് തുറപ്പിക്കട്ടെ എന്ന് ആഗ്രഹിക്കാം.
1 thought on “കൈയടിക്കാം, ഹൃദയത്തിൽ തൊട്ട് അഭിനന്ദിക്കാം, ഈ കൂട്ടായ്മയെ”