“ന്യൂസ് പേപ്പറിൽ നിന്ന് വേസ്റ്റ് ബിൻ”. വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്നു വരുന്ന “No Plastic is Fantastic” ക്യാമ്പയിനുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി ന്യൂസ് പേപ്പർ വേസ്റ്റ് ബിൻ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.
ന്യൂസ് പേപ്പറുകൾ പ്രത്യേക മോൾഡിൽ പല ലെയറുകളായി ഒട്ടിച്ചാണ് വേസ്റ്റുബിന്നുകൾ തയ്യാറാക്കുന്നത്. പല വലുപ്പത്തിലും നിറത്തിലും ഇത്തരം പ്രകൃതി സൗഹൃദ ബിന്നുകൾ തയ്യാറാക്കാൻ കഴിയും. റിട്ടയേർഡ് അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.ജി.ആർ. ഹരിയാണ് ശില്പശാല നയിച്ചത്.
പേപ്പർ ബാഗ് നിർമ്മാണ പരിശീലനവും കെഡറ്റുകൾക്ക് ഇതിനോടകം നൽകിക്കഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യം പ്രകൃതിക്കുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചും പകരം സംവിധാനങ്ങൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പൊതു ജനങ്ങൾക്ക് ഇതിനോടകം കേഡറ്റുകൾ ബോധവത്കരണം നൽകിക്കഴിഞ്ഞു. തങ്ങൾ നിർമ്മിച്ച പേപ്പർ വേസ്റ്റു ബിന്നുകൾ സ്കൂളുകൾ, ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിൽ എത്തിച്ച് ബോധവത്കരണം തുടരാനാണ് കേഡറ്റുകളുടെ പദ്ധതി.