എളുപ്പത്തിൽ ഒരു വെജിറ്റബിൾ കട്‌ലറ്റ് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം. മുട്ടയോ, കട്‌ലറ്റ് തയ്യാറാക്കിയെടുക്കാൻ ബേക്കിംഗ് അവനോ ഒന്നും വേണ്ടാത്ത ഈ കട്‌ലറ്റ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു നാലുമണി പലഹാരമായി വിളമ്പാം.
ആവശ്യമായ സാധനങ്ങൾ:
ഉരുളക്കിഴങ്ങ് – 1 വലുതോ, 2 ഇടത്തരമോ
ഗ്രീൻപീസ് – ഒരു പിടി
ബീറ്റ്റൂട്ട് – 1 ഇടത്തരം
കാരറ്റ് – 2 ചെറുത്
കാബേജ് – ഒരു ചെറിയ കഷ്ണം
ബീൻസ് – 4
സബോള -1
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെള്ളുള്ളി – 1 അല്ലി
പച്ചമുളക് -1
കറിവേപ്പില – അൽപ്പം (വേണമെങ്കിൽ ഒഴിവാക്കാം)
മല്ലിയില – 1 പിടി
ഗരം മസാല പൊടി – 1 ടീസ്പൂൺ
മല്ലിപൊടി – 1 ടീസ്പൂൺ
കുരുമുളക്പൊടി – 1 ടീസ്പൂൺ
പെരുംജീരകം – 1 ടീസ്പൂൺ
ഏലക്കായ – 2, കറുവാപ്പട്ട – 1 ചെറു കഷ്ണം, ഗ്രാമ്പൂ – 1
റൊട്ടിപ്പൊടി – ആവശ്യത്തിന്
ഓയിൽ
അരിപൊടി – കാൽ കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
- പച്ചക്കറികൾ എല്ലാം വൃത്തിയായി കഴുകി എടുക്കുക. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ ശേഷം പുഴുങ്ങി പൊടിച്ചെടുത്ത് മാറ്റിവെക്കുക.
- ഒരു പാനിൽ ഓയിൽ ചൂടാക്കിയ ശേഷം ചെറുതായി അരിഞ്ഞ ഇഞ്ചിയും വെള്ളുള്ളിയും പച്ചമണം പോകുന്ന വരെ കരിയാതെ മൂപ്പിക്കുക. ഇതിൽ ചെറുതായി അരിഞ്ഞ പച്ചമുളക് ചേർക്കുക. ഇതിലേക്ക് കറിവേപ്പില ചേർത്ത് മൂപ്പിക്കുക. പെരുംജീരകം, ഏലക്കായ, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചേർത്ത് ഒന്ന് കൂടി വഴറ്റുക.
- ഇതിലേക്ക് കനംകുറച്ച് അരിഞ്ഞ സബോള ചേർത്ത് അല്പം ഉപ്പ് ചേർത്ത് നല്ലപോലെ വഴറ്റുക. സവാള വഴന്നു തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞ കാരറ്റ്, ബീറ്റ്റൂട്ട്, ബീൻസ്, നീളത്തിൽ അരിഞ്ഞ കാബേജ് എന്നിവ ചേർത്ത് നല്ല പോലെ വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
- പച്ചക്കറികൾ കരിഞ്ഞ പോകാതെ തീ നിയന്ത്രിച്ച് നല്ലപോലെ വഴറ്റിയെടുക്കുക. ഇതിലേക്ക് നേരത്തെ വേവിച്ചുവെച്ച ഗ്രീൻപീസ് ചേർത്ത് ഇളക്കിയെടുക്കുക.
- പച്ചക്കറികൾ വെന്തു വരുമ്പോൾ പുഴുങ്ങി പൊടിച്ച് വെച്ച ഉരുളക്കിഴങ്ങ് ഇതിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ചെടുക്കുക.
- നല്ല പോലെ പച്ചക്കറികൾ എല്ലാം ഇളക്കി ചേർത്ത ശേഷം ഒരു ടീസ്പൂൺ ഗരംമസാല (നിങ്ങളുടെ രുചിയ്ക്കനുസരിച്ച് ഈ അളവുകൾ വ്യത്യാസപ്പെടുത്താം), ഒരു ടീസ്പൂൺ മല്ലിപൊടി, ഒരു ടീസ്പൂൺ കുരുമുളക്പൊടി എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കൊത്തിയരിഞ്ഞ മല്ലിയില ചേർത്ത് ഇളക്കിയ ശേഷം അടുപ്പിൽ നിന്ന് ഇറക്കി ചൂടാറാനായി മാറ്റി വെക്കുക.
- ഒരു ബൗളിൽ കാൽകപ്പ് അരിപ്പൊടിയും അല്പം ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് കലക്കി വെക്കുക. ഇത് വല്ലാതെ കുറുകരുത്.
- നമ്മൾ തയ്യാറാക്കി വെച്ച കട്‌ലറ്റ് മസാല ഓരോ ഉരുളകളാക്കി (ഒരു ചെറുനാരങ്ങയെക്കാൾ അൽപ്പം കൂടി വലിയ) എടുക്കുക. ഇതിനെ കയ്യിൽ അൽപ്പം എണ്ണ പുരട്ടിയ ശേഷം അമർത്തി കട്‌ലറ്റ് രൂപത്തിൽ ആക്കിയെടുക്കുക.
- അതിനു ശേഷം ഇങ്ങിനെ തയാറാക്കിയ ഓരോ കട്‌ലറ്റും അരിമാവിൽ പുക്കിയ ശേഷം റൊട്ടിപ്പൊടിയിൽ നല്ലപോലെ പൊടിഞ്ഞെടുക്കുക. എല്ലാ കട്‌ലറ്റുകളും ഇങ്ങിനെ റൊട്ടിപൊട്ടി പുരട്ടി എടുത്തത ശേഷം പരസ്പരം ഒട്ടാതെ ഒരു പരന്ന പാത്രത്തിൽ വെച്ച് പതിനഞ്ച് മുതൽ മുപ്പത് മിനിറ്റ വരെ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തെടുക്കുക.
- അതിനു ശേഷം ഒരു താഴ്ചയുള്ള പാനിൽ എടുത്ത ശേഷം ഓരോ കട്‌ലറ്റും ആദ്യം ഒരു വശവും പിന്നെ തിരിച്ചിട്ട് മറു വശവും നല്ല ബ്രൗൺ നിറമാകുന്നു വരെ കരിയാതെ വറുത്തെടുക്കുക. നിങ്ങൾക്ക് ഓരോ കട്‌ലറ്റും എണ്ണയിൽ ഡീപ് ഫ്രൈ അഥവാ മുക്കി പൊരിച്ച് എടുക്കാവുന്നതാണ്, എങ്കിലും ഇങ്ങിനെ പാനിൽ അല്പം എണ്ണയെടുത്ത് അതിൽ ഓരോ വശമായി വറുത്തെടുക്കുന്നത് എണ്ണയുടെ ഉപയോഗം കുറയ്ക്കും.
- കനംകുറച്ച് അരിഞ്ഞ സബോള, പച്ചമുളക് എന്നിവയും ടൊമാറ്റോ സോസ്സും ചേർത്ത് വിളമ്പുക.
തയ്യാറാക്കിയത്
മാളൂസ് കിച്ചൻ
നന്ദി ഇതുപോലുള്ള പാചകക്കുറിപ്പുകൾ ഇനിയും അയച്ചുതരുക.