പ്ളാസ്റ്റിക് മലിനീകരണത്തിനെതിരെ ഫോർട്ട്കൊച്ചി ബീച്ചിൽ ദി ട്രാപ്പ് എന്ന കലാരൂപം ഒരുങ്ങി.

Kerala News

കൊച്ചി: ജലാശയങ്ങളിലെ പ്ളാസ്റ്റിക് മലിനീകരണത്തിനെതിരെ ജനമനസുകളെ പ്രചോദിപ്പിക്കാൻ ഫോർട്ട്കൊച്ചി ബീച്ചിൽ ദി ട്രാപ്പ് എന്ന കലാരൂപം ഒരുങ്ങി.

ഉപേക്ഷിക്കപ്പെട്ട പ്ളാസ്റ്റിക് കുപ്പികൾ കൊണ്ട് സൃഷ്ടിച്ച 25 അടി ഉയരമുള്ളതാണ് കലാസൃഷ്ടി. ആറടി വ്യാസമുള്ള ഇതിനുള്ളിൽ സന്ദർശകർക്ക് കയറുകയും ചെയ്യാം. ഓരോ കുപ്പികൾക്കുമുള്ളിൽ കുടുങ്ങിയ മനുഷ്യരൂപങ്ങൾ സവിശേഷമായ ശ്രദ്ധയാകർഷിക്കുന്നു. ഉള്ളിൽ കണ്ണാടികളും ഘടിപ്പിച്ചിട്ടുള്ളതിനാൽ കാലിഡോസ്കോപ്പിന്റെ സാമ്യവുമുണ്ടാകും. കൂടാതെ ട്രാപ്പിനകത്തു കയറി സെൽഫി എടുക്കാം ഒപ്പം ‘പ്ലാസ്റ്റിക്ക് വിരുദ്ധ അടിക്കുറിപ്പും എഴുതി 8078156791
ഈ നമ്പറിലേക്ക്   അയക്കുന്ന ട്രാപ്പ് സെൽഫി മത്സരവുമുണ്ട്. സമ്മാനം പിന്നീട് പ്രഖ്യാപിക്കും.

എല്ലാം നേടിയെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ പ്ലാസ്റ്റിക്കിൽ അകപ്പെടുമ്പോൾ… നമ്മൾ ഇന്നത്തെ സൗകര്യമായി കരുതുന്ന പ്ലാസ്റ്റിക് പ്രകൃതിക്ക് എത്രമേൽ ഭീഷണിയുയർത്തുന്നു എന്ന് മനസ്സിലാക്കിത്തരുന്നു ഈ കലാസൃഷ്ടിയിലൂടെ…

1500 ഒരു ലിറ്റർ പ്ളാസ്റ്റിക് കുപ്പികൾ കൊണ്ടാണ് ഇതിന്റെ നിർമ്മാണം.  കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പിന്തുണയോടെ ജില്ലാ ഭരണകൂടം, ശുചിത്വമിഷൻ, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവരുടെ സഹകരണത്തിൽ ഒന്നര ലക്ഷം രൂപ ചെലവിലാണ് കലാസൃഷ്ടിക്ക് രൂപം നൽകിയത്.

ഫോർട്ട് കൊച്ചി ബീച്ചിലെ ഡച്ച് സെമിത്തേരിക്ക് പിന്നിൽ ജനുവരി 30 വരെയുണ്ടാകും പ്രദർശനം.

ഇടപ്പള്ളി സ്വദേശിയും സയൻസ് ഫിലിംമേക്കറും പരസ്യചിത്രരംഗത്ത് രണ്ട് പതിറ്റാണ്ട് പരിചയവുമുള്ള കെ. കെ.അജികുമാറാണ് ട്രാപ്പ് ആശയവും സാക്ഷാത്കാരവും. ട്രാപ്പിന്റെ ക്രിയേറ്റീവ് സപ്പോർട്ടും കോഓർഡിനേഷനും
നിർവ്വഹിച്ചിരിക്കുന്നത് ഗിറ്റാറിസ്റ്റും മ്യുനീഷ്യനുമായ ബിജു തോമസാണ് . ഇവർ രണ്ടു പേരും ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലാ കമ്മിറ്റി അംഗങ്ങളും ആണ്.

പ്ളാസ്റ്റിക് പെറുക്കുന്നവർക്കൊപ്പം കൂടിയാണ് ഉപേക്ഷിക്കപ്പെട്ട വെള്ളക്കുപ്പികൾ പണം നൽകി ശേഖരിച്ചത്. ഇത് പിന്നീട് കഴുകി വൃത്തിയാക്കിയെടുത്തു.

കെ കെ.അജികുമാർ, ഇടപ്പള്ളി സ്വദേശി. സയൻസ് ഫിലിംമേക്കർ. പരസ്യ രംഗത്ത് രണ്ട് പതിറ്റാണ്ട് പരിചയമുണ്ട്. കൽക്കട്ടയിലും ബംഗളുരുവിലും  നടന്ന രാഷ്ട്രീയ വിഗ്യാൻ ചലച്ചിത്രമേളകളിൽ മികച്ച സയൻസ് ചിത്രത്തിനുള്ള പുരസ്കാരങ്ങൾ ലഭിച്ചു. മറ്റ് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പ്ളാസ്റ്റിക് മലിനീകരണത്തിനെതിരെ മുമ്പ് മൂന്നുവട്ടം ബീച്ചുകളിൽ തന്നെ ശ്രദ്ധേയമായ കലാസൃഷ്ടികൾ ഒരുക്കിയിട്ടുണ്ട് അജിത്കുമാർ.

2017ൽ ഫോർട്ട്കൊച്ചി ബീച്ചിൽ സി.എം.എഫ്.ആർ. ഐയ്ക്ക് സൃഷ്ടിച്ച ഫിഷ് സെമിട്രി  എന്ന ശിലശില്പം ദേശീയ ശ്രദ്ധയാകർഷിച്ചു. ഇതിന് ഇന്ത്യാ സർക്കാരിന്റെ സ്വച്ഛ് ഭാരത് പുരസ്കാരവും ലഭിച്ചു. 2015ൽ ഫോർട്ട് കൊച്ചി ബീച്ചിൽ തന്നെ മാഡ് ക്രാബ് എന്ന ശില്പവും 2013ൽ ചെറായി ബീച്ചിൽ ഒക്ടോപസ് എന്ന ശില്പവും ഒരുക്കിയിരുന്നു. ഇവർ രണ്ടു പേരും ചേർന്ന് പഫ ർ പ്രൊഡക്ഷൻസ് എന്ന പേരിൽ ഡോക്യുമെന്ററി പരസ്യ ചിത്രീകരണ കമ്പനി നടത്തിവരികയാണ്

ട്രാപ്പ് പ്രധാനമായും കടലിലെ ഭീതിജനകമായ പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായ പ്രതികരണമാണ്. കൊച്ചിയെ സംബന്ധിച്ചിടത്തോളം കായലുകളും മറ്റ് ജലാശയങ്ങളും സമാനമായ വെല്ലുവിളി നേരിടുന്നുണ്ട്.

ഉപേക്ഷിക്കപ്പെട്ട കുപ്പികളാണ് ഇവിടെ പ്രധാനവില്ലനാകുന്നത്. വെള്ളക്കെട്ടുകൾക്കും പരിസ്ഥിതി നാശത്തിനും പ്ളാസ്റ്റിക് കുപ്പികൾ മുഖ്യകാരണമാകുന്നു. ഇത് നശിക്കാൻ മറ്റ് പ്ളാസ്റ്റിക്കുകളേക്കാൾ കൂടുതൽ സമയവുമെടുക്കും.

ഉത്ഘാടനം 21 നു ശനിയാഴ്ച്ച വൈകിട്ട് അഞ്ചിന് ഡോ:കെ.എസ് പുരുഷൻ റിട്ട. ഡീൻ ഫിഷറീസ് കോളേജ് നിർവ്വഹിച്ചു അധ്യക്ഷൻ പ്രൊഫ: ടി.എം ശങ്കരൻ,  ഗ്രന്ഥശാലാ പ്രസിഡന്റ് ആശംസ അർപ്പിച്ചത് സുധാകാന്ത്  സബ് ജഡ്ജ് കൊച്ചി.

കൂടുതൽ വിവരങ്ങൾക്ക് 7012013643 / 8078156791.

Leave a Reply

Your email address will not be published. Required fields are marked *