കനകക്കുന്നിൽ നടന്ന ശുചിത്വ സംഗമത്തിൽ കൗതുകമായി സൗഹാർദ്ദത്തിന്റെ തുണിസഞ്ചികൾ. ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമത്തിലാണ് പ്രതിനിധികളെ പഴയ സാരിയിൽ നിന്ന് തയ്യാറാക്കിയ തുണി സഞ്ചികൾ നൽകി സ്വീകരിച്ചത്. വസ്തുക്കളുടെ പുനഃചംക്രമണവും പുനരുപയോഗവും എന്ന ആശയമാണ് സംഘാടകർ ഇതുലൂടെ സമൂഹത്തിന് നൽകിയത്. സഞ്ചികൾ നിർമ്മിക്കാനുള്ള സാരികൾ മുഴുവനും ഉദ്യോഗസ്ഥരിൽ നിന്നും ശേഖരിക്കുകയായിരുന്നു. ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ സീമയുടെ നേതൃത്വത്തിൽ മുഴുവൻ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി മുന്നൂറോളം സാരികളാണ് ശേഖരിച്ചത്. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ 2500 ഓളം പ്രതിനിധികൾക്കാണ് തുണിസഞ്ചികൾ വിതരണം ചെയ്തത്.
സഞ്ചി.കോം എന്ന സംരംഭകരുടെ സഹായത്തോടെയാണ് തുണിസഞ്ചി നിർമ്മിച്ചത്. ഒരു സാരിയിൽ നിന്ന് പത്ത് സഞ്ചികൾ വരെ നിർമ്മിച്ചു. ദീർഘകാല ഉപയോഗം ലക്ഷ്യമാക്കി ബെൽറ്റുകളും ലൈനിങ്ങും ഉപയോഗിച്ച് മികച്ച ഗുണനിലവാരത്തിലാണ് സഞ്ചികൾ നിർമ്മിച്ചത്. ചെലവ് ചുരുക്കുക, വസ്തുക്കളുടെ പുനരുപയോഗസാധ്യത പ്രയോജനപ്പെടുത്തുക, പ്ലാസ്റ്റിക്കിന് ബദൽ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് തുണി സഞ്ചികൾ നിർമ്മിച്ചത്.