നിലവിൽ കാലാവധി തീരാത്ത അമേരിക്കൻ, ബ്രിട്ടീഷ് അല്ലെങ്കിൽ ഷെങ്കൻ (Schengen) വിസ ഉള്ള ഇന്ത്യാക്കാർക്കും, പാകിസ്ഥാനികൾക്കും സൗദി അറേബ്യ ഓൺ-അറൈവൽ വിസ അനുവദിച്ചു. ബിസിനസ്സ് ആവശ്യങ്ങൾക്കും ടൂറിസ്റ്റുകളായി യാത്ര ചെയ്യുന്നവർക്കും ഈ സംവിധാനം വഴി ഒരു വർഷം വരെ സാധുതയുള്ള മൾട്ടി-എൻട്രി വിസയാണ് ലഭ്യമാകുന്നത്. ഇത്തരം വിസ ഉപയോഗിച്ച് 90 ദിവസം വരെ തുടരെ രാജ്യത്ത് തങ്ങുന്നതിനും അനുമതിയുണ്ടായിരിക്കും.
ഇത്തരത്തിൽ ലഭ്യമാകുന്ന വിസയിൽ യാത്രികർക്ക് ഉംറ നിർവഹിക്കുന്നതിനും അനുമതിയുണ്ടായിരിക്കുന്നതാണ്. എന്നാൽ ഹജ്ജ് തീർത്ഥാടനത്തിന് അനുമതിയുണ്ടായിരിക്കുന്നതല്ല. അപേക്ഷകർ ഒരു തവണ എങ്കിലും അവരുടെ അമേരിക്കൻ, ബ്രിട്ടീഷ് അല്ലെങ്കിൽ ഷെങ്കൻ വിസ ഉപയോഗിച്ച് യാത്ര ചെയ്തവരാകണം. ചുരുങ്ങിയത് 6 മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ട് നിർബദ്ധമാണ്. ക്രെഡിറ്റ് കാർഡ് മുഖേനെ 440 സൗദി റിയാൽ അടച്ചു കൊണ്ട് സൗദിയിലെ ഏതൊരു അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഈ വിസ സൗകര്യം ഉപയോഗിക്കാവുന്നതാണ്. ഈ തുക പണമായി ഇടാക്കുന്നതല്ല.
അതുപോലെ ഈ വിസയ്ക്കായി അപേക്ഷിക്കുന്ന സന്ദർശകൻ സൗദി-ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാന കമ്പനികളായ സൗദി എയർലൈൻസ്, ഫ്ലൈനാസ്, ഫ്ലൈഡീൽ എന്നിവയുടെ വിമാനങ്ങളിൽ എതെങ്കിലും ഒന്നിലായിരിക്കണം സൗദിയിലേക്ക് യാത്ര ചെയ്യുന്നത് എന്നതും ഈ സംവിധാനത്തിൽ വിസ ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിസ ലഭ്യമായ ശേഷം പിന്നീടുള്ള സൗദിയിലേക്കുള്ള വിസാ കാലാവധിയിലെ യാത്രകൾക്ക് സന്ദർശകർ തിരഞ്ഞെടുക്കുന്ന ഏതു വിമാനസർവീസും ഉപയോഗപ്പെടുത്താവുന്നതാണ്.
എണ്ണയുടെ ബന്ധപ്പെട്ട് കിടക്കുന്ന രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ വൈവിധ്യമുണ്ടാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സൗദി ആദ്യമായി ടൂറിസ്റ്റ് വിസ അനുവദിച്ച് കൊണ്ട് ഉത്തരവിറക്കിയത്.