ജനുവരി 5, ചൊവ്വാഴ്ച്ച മുതൽ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് ഉപഭോക്താക്കൾക്കായി തുറന്ന് കൊടുക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. ഉപഭോക്താക്കൾക്കായി മാർക്കറ്റ് തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച് ജനുവരി 3-ന് വൈകീട്ടാണ് മുൻസിപ്പാലിറ്റി അറിയിപ്പ് നൽകിയത്.
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി സെൻട്രൽ മാർക്കറ്റിലേക്ക് ഉപഭോക്താക്കൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. സുരക്ഷയുടെ ഭാഗമായി, സാധാരണ ഉപഭോക്താക്കൾക്കും, മൊത്ത കച്ചവടത്തിനുമായി വ്യത്യസ്തമായ സമയക്രമങ്ങളാണ് മുൻസിപ്പാലിറ്റി ഒരുക്കിയിരിക്കുന്നത്.
സാധാരണ ഉപഭോക്താക്കൾക്കായി നിശ്ചയിച്ചിട്ടുള്ള പ്രവർത്തന സമയക്രമം:
ഉച്ചയ്ക്ക് 1:00 മണി മുതൽ വൈകീട്ട് 6.00 വരെ. സാധാരണ ഉപഭോക്താക്കൾക്ക് ഗേറ്റ് രണ്ടിലൂടെയാണ് പ്രവേശനം അനുവദിക്കുന്നത്. മാർക്കറ്റിനു പുറത്തും, അകത്തും പാർക്കിംഗ് സംവിധാനങ്ങൾ ലഭ്യമാണ്.
മൊത്ത കച്ചവടത്തിനായി നിശ്ചയിച്ചിട്ടുള്ള പ്രവർത്തന സമയക്രമം:
മൊത്ത കച്ചവടക്കാർക്ക് രാവിലെ 5:00 മണി മുതൽ രാവിലെ 11.00 വരെ കച്ചവടം ചെയ്യാവുന്നതാണ്. ഇവരുടെ വാഹനങ്ങൾ ഗേറ്റ് ഒന്നിലൂടെ പ്രവേശിക്കേണ്ടതാണ്.
സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിലെത്തുന്നവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:
- സമൂഹ അകലം ഉറപ്പാക്കണം.
- മാർക്കറ്റിലേക്ക് പ്രവേശിക്കുന്നതിനും, മാർക്കറ്റിൽ ചെലവഴിക്കുന്ന മുഴുവൻ സമയങ്ങളിലും മാസ്കുകൾ നിർബന്ധമാണ്.
- മാർക്കറ്റിലെത്തുന്ന വാഹനങ്ങളിൽ പരമാവധി 2 പേരെയാണ് അനുവദിക്കുന്നത്.
- 12 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്.