പ്രവാസി വോട്ട് രജിസ്ട്രേഷൻ തിയ്യതി നീട്ടണം – പ്രവാസികൾ ആവശ്യപ്പെടുന്നു

Kerala News

തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിനായി പ്രവാസി വോട്ട് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയ്യതി 14.2.2020-ഉം നിർദ്ദിഷ്ട രേഖകൾ സമർപ്പിക്കാനുള്ള അവസാന തിയ്യതി 20. 2. 2020-ഉം ആണെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ടല്ലോ. പ്രവാസികൾക്ക് വോട്ട് ചേർക്കാനുള്ള അവസരത്തെ കുറിച്ച് 20.01.2020 ന് പി.ആർ.ഡി വകുപ്പിൻ്റെ അറിയിപ്പിലൂടെ അറിഞ്ഞിരുന്നുവെങ്കിലും വെബ്സൈറ്റിലൂടെ 30.01 2020 മാത്രമാണ് കുറ്റമറ്റ രീതിയിൽ രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നത്.

30.01.2020 മുതൽ 06.02 2020 വരെ പ്രയാസ രഹിതമായി രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് ലഭിക്കുന്ന acknowledgement ൽ അപേക്ഷകൻ്റെ പേര്, വീട്ടു പേര്, തപ്പാലാപ്പീസ് തുടങ്ങിയ പ്രധാന വിവരങ്ങൾ വരുന്നില്ല എന്ന ആക്ഷേപം ഉയർന്നുവന്നിട്ടുണ്ട്. അതുപോലെ രെജിസ്ട്രേഷൻ നടപടികൾക്ക് ശ്രമിക്കുന്ന പലർക്കും അത് പൂർത്തിയാക്കാൻ കഴിയാതെ സോഫ്റ്റ്‌വെയർ പ്രോഗ്രാമില്‍ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം ലഭിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ, ഓൺലൈൻ രജിസ്ട്രേഷനിൽ വരുന്ന തെറ്റ് തിരുത്തിയും മറ്റും രജിസ്റ്റർ ചെയ്യുമ്പോൾ നിർദ്ദിഷ്ട സമയ പരിധിക്കുള്ളിൽ വോട്ട് ചേർക്കാനും രേഖകൾ നാട്ടിലെ ഇലക്ടർ ഓഫീസർമാർക്ക് നേരിട്ടോ തപ്പാലിലോ എത്തിക്കാൻ പ്രായോഗികമായി ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്.

ആയതിനാൽ നിർദ്ദിഷ്ട സമയ പരിധി നീട്ടി കിട്ടൽ അനിവാര്യമാണ്. സമയ പരിധി നീട്ടി കിട്ടിയില്ലെങ്കിൽ പ്രവാസികൾക്ക് വോട്ട് ചേർക്കാനുള്ള അവസരം എന്നത് ഫലപ്രദമായി നടപ്പാക്കാൻ സാധിക്കില്ല.

കൂടാതെ, ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് രേഖകൾ നാട്ടിലുള്ള ബന്ധുക്കൾ മുഖേനയും മറ്റും നേരിട്ട് കൊടുക്കുന്നതിന് ചില തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിൽ നിന്ന് മുടക്കം പറയുന്നതായും പരാതി പറയുന്നുണ്ട്. ഈ വിഷയത്തിലും ആവശ്യമായ നിർദ്ദേശങ്ങൾ ഇലക്ഷൻ കമ്മീഷനിൽ നിന്നും ഉണ്ടാവാവേണ്ടതുമുണ്ട്.

ഇതെല്ലാം ഇലക്ഷൻ കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തുന്നതിലേക്കായി പ്രവാസി പ്രതിനിധികൾ കത്തയച്ചിട്ടുണ്ട്.

അബ്ദുൽ റഊഫ് കൊണ്ടോട്ടി [ദോഹ- ഖത്തർ]