ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക ലക്ഷ്യം – മുഖ്യമന്ത്രി

Kerala News

ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സ്പേസ് പാർക്കിലൂടെ ഇതിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പേസ് പാർക്കിന്റെ ആഭിമുഖ്യത്തിൽ കോവളത്ത് നടക്കുന്ന ‘എഡ്ജ് 2020’ സ്പേസ് ടെക്നോളജി ദ്വിദിന അന്താരാഷ്ട്ര കോൺക്ലേവിന്റെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹിരാകാശ സാങ്കേതികരംഗത്ത് കേരളത്തിൽ ഒട്ടേറെ അവസരങ്ങളുണ്ട്. ഐ.എസ്.ആർ.ഒ, രാജ്യത്തെ ഏക ബഹിരാകാശ സർവകലാശാലയായ ഐ.ഐ.എസ്.ടി, എൽ.പി.എസ്,സി, ഐ.എസ്.ആർ.ഒ തുടങ്ങിയവയുടെ സാന്നിധ്യം തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് യാഥാർഥ്യമാകുന്ന രാജ്യത്തെ ഏക സ്പേസ് പാർക്കിന്റെ സാധ്യതകൾ ഉയർത്തും. ബഹിരാകാശ സാങ്കേതികതയിലെ പുതുകമ്പനികൾക്ക് അതുകൊണ്ടുതന്നെ നിരവധി സാധ്യതകളുണ്ട്.

സ്പേസ് പാർക്കിൽ ഭൗതിക അടിസ്ഥാനസൗകര്യങ്ങൾ, മെൻറർ നെറ്റ്വർക്ക്, ദേശീയ-അന്തർദേശീയ സഹകരണം തുടങ്ങിയവ ഒരുക്കി തലസ്ഥാനത്തെ രാജ്യത്തിന്റെ ബഹിരാകാശനഗരമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതിക മുന്നേറ്റങ്ങൾ ഗുണപരമായി നിരവധി മേഖലകളിൽ സർക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്. സാമൂഹ്യമുന്നേറ്റത്തിനുതകുന്ന നൂതന ശാസ്ത്രഗവേഷണ ഉത്പന്നങ്ങൾ നിലിൽ സർക്കാർ ‘കെ-ഡിസ്‌ക്’ വഴി നടപ്പാക്കുന്ന 20 ഓളം വൻകിട പദ്ധതികളിലൂടെ യാഥാർഥ്യമാക്കുകയാണ്. ആദ്യ സൂപ്പർ ഫാബ് ലാബും എറണാകുളത്ത് ആരംഭിച്ചു. കെ-ഫോൺ പദ്ധതിയിലൂടെ അതിവേഗ ഇൻറർനെറ്റും ഇ-ഗവേണൻസ് വ്യാപനവും നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

ചടങ്ങിൽ കേന്ദ്ര പ്രിൻസിപ്പൽ സയൻറിഫിക് അഡൈ്വസർ ഓഫീസിലെ സയൻറിഫിക് സെക്രട്ടറി ഡോ: അരബിന്ദോ മിത്ര മുഖ്യപ്രഭാഷണം നടത്തി. ഫ്രഞ്ച് കോൺസുൽ ജനറൽ കാതറിൻ സുവാർഡ്, ബ്രിട്ടീഷ് ഹൈക്കമ്മിഷനിലെ സയൻസ് ആൻറ് ഇന്നവേഷൻ മേധാവി സാറാ ഫാലൻ, യു.എ.ഇ കോൺസുലേറ്റ് പ്രതിനിധി റാഷിദ് ഖമീസ് അൽ ഷമേലി, വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടർ റോയ് എം. ചെറിയാൻ, ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പ് എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി (സി.ഐ.ഐ) സ്പേസ് പാർക്ക് ധാരണാപത്രം കൈമാറി.

അന്താരാഷ്ട്രതലത്തിലെ രണ്ടു പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളായ കൊളറാഡോയിലെ ലബോറട്ടറി ഫോർ അത്മോസ്ഫെറിക് ആൻറ് സ്പേസ് ഫിസിക്സുമായും (ലാസ്പ്), ആസ്ട്രിയയിലെ സ്പേസ് ജനറേഷൻ അഡൈ്വസറി കൗൺസിലുമായും  (എസ്.ജി.എ.സി) സ്പേസ് പാർക്ക് ധാരണാപത്രം ഇന്ന് (ഫെബ്രുവരി ഒന്ന്) ഒപ്പിടും.

അന്താരാഷ്ട്ര തലത്തിന്റെ ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കമ്പനികളെയും ഏജൻസികളെയും സ്റ്റാർട്ടപ്പുകളെയും വിദഗ്ധരെയും ഒരുവേദിയിലെത്തിക്കാനും സംവദിക്കാനും ഗേവഷണ, സഹകരണസാധ്യതകൾ തുറക്കാനുമാണ് സ്പേസ് ടെക്നോളജി കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. ‘നവ ബഹിരാകാശം -അവസരങ്ങളും മുന്നോട്ടുള്ള വഴിയും’ എന്നതാണ് ഈ വർഷത്തെ വിഷയം. വെള്ളിയാഴ്ച രാവിലെ മുതൽ വിവിധ സെഷനുകളിൽ ചർച്ചകൾ നടന്നു. ശനിയാഴ്ചയും സെഷനുകളും പാനൽ ചർച്ചകളും തുടരും.

ഐ.എസ്.ആർ.ഒ, ഓർബിറ്റൽ മൈക്രോ സിസ്റ്റംസ്, എയർബസ്, സാറ്റ്സെർച്ച്, ലാസ്പ്, സ്പേസ് ഫെഡറേഷൻ ഓഫ് ഇന്ത്യ തുടങ്ങി വിവിധ സ്ഥാപനങ്ങളും ഏജൻസികളും കോൺക്ലേവിൽ പങ്കാളികളാകുകയും സഹകരിക്കുകയും ചെയ്യുന്നുണ്ട്.