വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട്, ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാൻ ഉപയോഗിക്കാവുന്ന അഞ്ച് വർഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസയ്ക്ക് യു എ ഇ കാബിനറ്റ് തിങ്കളാഴ്ച അനുമതി നൽകി. ലോകത്തിന്റെ വിനോദസഞ്ചാര മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായി യു എ ഇയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെയാണ് സന്ദർശകർക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ വിവരം അറിയിച്ചത്.
നിലവിൽ 1 മാസം മുതൽ 3 മാസം വരെയാണ് ടൂറിസ്റ്റു വിസകൾക്ക് നൽകിവരുന്ന കാലാവധി. പുതിയ അഞ്ചു വർഷത്തെ വിസയ്ക്കായി എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാവുന്നതാണു. യു എ ഇയുടെ അടുത്ത 50 വർഷത്തെ വളർച്ചയെയും മുന്നോട്ടുള്ള പ്രയാണത്തെയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ അടിസ്ഥാന തീരുമാനങ്ങൾ എടുക്കാനുള്ള വർഷമായാണ് 2020 നെ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ്, വിനോദ സഞ്ചാരികൾ, ബിസ്സിനസ്സ് സംബന്ധമായി പലതവണ യു എ ഇ സന്ദർശിക്കേണ്ടിവരുന്നവർ, എക്സ്പോ 2020യിൽ പെങ്കെടുക്കാൻ വരുന്നവർ, യു എ ഇയിൽ ഉള്ള കുടുംബാംഗങ്ങളെ സന്ദർശിക്കേണ്ടവർ, താല്ക്കാലികമായി യു എ ഇയിൽ നിന്ന് മാറി താമസിക്കേണ്ടവർ, തൊഴിലവസരങ്ങൾ തേടി വരുന്ന സന്ദർശകർ മുതലായവർക്കെല്ലാം ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ തീരുമാനം.
വിസ സംബന്ധമായ പൂർണവിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ലെങ്കിലും, വിസ ലഭിക്കുവാനുള്ള നടപടികളും, ചട്ടങ്ങളും നിലവിലുള്ള പ്രകാരം തുടരുവാനും അഞ്ച് വർഷത്തെ ടൂറിസ്റ്റു വിസ ലഭിക്കുന്നവർക്ക് 6 മാസം വരെ തുടരെ രാജ്യത്ത് തങ്ങുവാനും സാധ്യമാകുന്ന രീതിയിൽ ആയിരിക്കും ഈ പുതിയ വിസ നിലവിൽ വരുന്നത് എന്നാണ് പ്രതീക്ഷിക്കുന്നത്.