അന്റാർട്ടിക്കയിൽ നിന്നു പലരും പങ്കുവെച്ച ചുവന്ന നിറത്തിലുള്ള മഞ്ഞിന്റെ ചിത്രങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിലൂടെ തരംഗമായിക്കഴിഞ്ഞു. അത്ഭുതമുളവാക്കുന്ന ഈ ചിത്രങ്ങളിൽ കടും ചുവപ്പ് മുതൽ പിങ്ക് നിറം വരെയുള്ള വർണ്ണങ്ങളിൽ കാണുന്ന മഞ്ഞിന്റെ പിറകിലെ രഹസ്യം ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുകയാണ് ഉക്രൈനിലെ വിദ്യാഭ്യാസ-ശാസ്ത്ര മന്ത്രാലയം.
ഉക്രൈനിലെ വിദ്യാഭ്യാസ-ശാസ്ത്ര മന്ത്രാലയം പങ്കുവെച്ച ഈ പ്രതിഭാസത്തിന്റെ ചിത്രങ്ങൾ :
ക്ലമിഡോമോണസ് നിവലിസ് (Chlamydomonas nivalis) എന്ന അതിസൂക്ഷ്‌മമായ മഞ്ഞിൽ കണ്ടുവരുന്ന ഒരു തരം ആല്‍ഗകളാണ് ഈ പ്രതിഭാസത്തിനു പിറകിൽ. അന്റാർട്ടിക്കയിലെ വേനൽക്കാലങ്ങളിൽ ചില പ്രത്യേക കാലാവസ്ഥാ സാഹചര്യങ്ങളിൽ ഈ ആൽഗകൾ തങ്ങളുടെ നിറം മാറുന്നതാണ് മഞ്ഞിനു ചുവപ്പ് കലർന്ന നിറം തോന്നിക്കുന്നതിനു കാരണം.
വർഷത്തിൽ അധികകാലവും മഞ്ഞിൽ നിഷ്ക്രിയമായി കാണപ്പെടുന്ന ഈ ആൽഗകൾ, അന്തരീക്ഷത്തിലെ ചൂട് വർദ്ധിച്ച് മഞ്ഞ് ഉരുകുന്നതിനനുസരിച്ച്, പതിയെ പിങ്ക് മുതൽ കടും ചുവപ്പ് വർണ്ണം വരെയുള്ള വർണ്ണങ്ങൾ കൈവരിക്കുന്നു. ഇവ വ്യാപിക്കുന്നതിനനുസൃതമായി മഞ്ഞിൽ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന്റെ തോത് കുറയുകയും മഞ്ഞ് ഉരുകുന്നതിന്റെ വേഗത കൂട്ടുകയും ചെയ്യുന്നു എന്ന് മന്ത്രാലയം തങ്ങളുടെ കുറിപ്പിൽ പറയുന്നു.
അന്റാർട്ടിക്കയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 20.75C ഈ വർഷം ഫെബ്രുവരി ആദ്യം സെയ്‌മൗർ ഐലൻഡിൽ (Seymour Island) നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു.