ബ്രിട്ടിഷ് വിസ നിയമങ്ങളിൽ 2021 ജനുവരി 1 മുതൽ സമഗ്രമായ മാറ്റങ്ങൾ

International News

ബ്രെക്സിറ്റ്‌ നടപടികളുടെ ഭാഗമായി യൂറോപ്യൻ യൂണിയനിൽ നിന്ന് 2020 ജനുവരി 31-നു ഔപചാരികമായി പിന്മാറിയ ബ്രിട്ടൻ, 2021 ജനുവരി 1 മുതൽ തങ്ങളുടെ കുടിയേറ്റ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾക്കൊരുങ്ങുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാരെയും മറ്റു രാജ്യങ്ങളിലെ പൗരന്മാരെയും എല്ലാം തുല്യതയോടെ വിസ നടപടികളുടെ ഭാഗമായി കണക്കാക്കുന്ന ആഗോളതലത്തിലുള്ള വിസ ചട്ടങ്ങളാണ് ഈ നടപടികളുടെ ഭാഗമായി പ്രാബല്യത്തിൽ വരിക എന്ന് യു കെ ഹോം സെക്രട്ടറി പ്രീതി പട്ടേൽ ബുധനാഴ്ച്ച അറിയിച്ചു.

പുതൂക്കിയ മാനദണ്ഡങ്ങൾ പ്രകാരം വിവിധ തൊഴിൽ രംഗങ്ങളിലെ മികവുകളെയും പ്രാഗത്ഭ്യത്തെയും അടിസ്ഥാനമാക്കിയായിരിക്കും വിസ അനുവദിക്കുക. “മാനദണ്ഡങ്ങളില്ലാതെയുള്ള കുടിയേറ്റങ്ങൾക്ക് വിരാമമിട്ടുകൊണ്ടുള്ള ചരിത്രപ്രാധാന്യമുള്ള ഒരു തീരുമാനം.” എന്നാണ് ഈ നടപടികൾ വിശദീകരിച്ച് കൊണ്ട് ഹോം സെക്രട്ടറി ഈ മാറ്റത്തെ വിശേഷിപ്പിച്ചത്. “ആഗോളതലത്തിൽ മികവുപുലർത്തുന്ന, ഏറ്റവും നൈപുണ്യമുള്ളവരെ സ്വാഗതം ചെയ്ത് കൊണ്ട് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയിലും സമൂഹത്തിലും അഭിവൃദ്ധിയുണ്ടാകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്” പ്രീതി പട്ടേൽ കൂട്ടിച്ചേർത്തു.

പുതിയ വിസ നിയമങ്ങൾ അനുസരിച്ച് വിവിധ രംഗങ്ങളിലുള്ള നിപുണത, തൊഴില്‍, യോഗ്യതകൾ, ശമ്പളം എന്നിങ്ങനെ വിവിധ ഘടകങ്ങൾക്ക് നിശ്ചിത പോയിന്റുകൾ നിര്‍ണ്ണയിക്കാനും, ഇവ നേടുന്നവർക്ക് മാത്രം കുടിയേറ്റത്തിനുള്ള അവസരങ്ങൾ നൽകാനുമാണ് തീരുമാനം. ഇതുപ്രകാരം ഓരോ മേഖലകളിലും ഏറ്റവും മികച്ച തൊഴിൽ നൈപുണ്യമുള്ളവർക്കായിരിക്കും മുന്‍ഗണന. ഇതിലൂടെ കുടിയേറ്റത്തിന്റെ അളവിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും, മികവ് കുറഞ്ഞ തൊഴിലാളികളെ ഒഴിവാക്കുവാനും, രാജ്യസുരക്ഷ ശക്തമാക്കുവാനുമാണ് ലക്ഷ്യമിടുന്നത്.