COVID-19: സമൂഹ അകലം പാലിക്കുന്നതിൽ വീഴ്ചകൾ വരാവുന്ന ഇടങ്ങളിൽ മാസ്കുകൾ ധരിക്കാൻ WHO നിർദ്ദേശം

International News

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളിൽ ലോകാരോഗ്യ സംഘടന (WHO) കൂടുതൽ വ്യക്തതകൾ വരുത്തി. ആഗോളതലത്തിൽ, സമൂഹ അകലം ഉറപ്പാക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാവുന്ന പൊതു ഗതാഗത സംവിധാനങ്ങൾ, തിരക്കുള്ള വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ, മാസ്കുകൾ ശീലമാക്കാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിനായുള്ള നടപടികൾ സർക്കാർ തലങ്ങളിൽ നടത്തണമെന്ന്, ജൂൺ 5-നു നടന്ന വിർച്യുൽ പത്രസമ്മേളനത്തിൽ WHO ഡയറക്ടർ ഡോ. ടെഡ്രോസ് അധനോം ഗബ്രിയായ്സസ് (Tedros Adhanom Ghebreyesus) ആഹ്വാനം ചെയ്തു.

60 വയസ്സിനു മുകളിൽ പ്രായമുള്ളവരും, മറ്റു ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഇത്തരം ഇടങ്ങളിൽ മെഡിക്കൽ മാസ്കുകൾ ഉപയോഗിക്കുന്നത് ശീലമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “മാസ്കുകൾ ധരിച്ചത് കൊണ്ട് മാത്രം COVID-19 പ്രതിരോധം പൂർണ്ണമാകുന്നില്ല”, എന്ന് സമൂഹത്തിനെ ഓർമിപ്പിച്ച അദ്ദേഹം ജനങ്ങളോട് കൈകളുടെ ശുചിത്വവും, സമൂഹ അകലവും പരമപ്രധാനമാണെന്നും, ഇവ കർശനമായി പാലിക്കാനും ആഹ്വാനം ചെയ്തു.

ആരോഗ്യവാന്മാരായവർ മാസ്കുകൾ ധരിക്കുന്നതിലൂടെ സമൂഹത്തിൽ വൈറസ് പകരുന്നത് ഒഴിവാക്കാം എന്നതിന് ശാസ്ത്രീയമായ അടിത്തറകൾ ഇല്ലെന്ന WHO-യുടെ മുൻ നിലപാടുകളെ തിരുത്തുന്നതാണ് ഈ പുതിയ നിർദ്ദേശങ്ങൾ. ലഭ്യമായ പുതിയ മെഡിക്കൽ വിവരങ്ങൾ വെച്ച്കൊണ്ട്, “രോഗവ്യാപനത്തിനു കാരണമായേക്കാവുന്ന സ്രവങ്ങൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് തടയാൻ” മാസ്കുകൾ പ്രയോജനപ്രദമാണെന്ന് WHO വ്യക്തമാക്കി.