ഏപ്രിൽ 11 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് ന്യൂസീലൻഡ് രണ്ടാഴ്ച്ചത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നു

featured International News

2021 ഏപ്രിൽ 11 മുതൽ രണ്ടാഴ്ച്ചത്തേക്ക് ഇന്ത്യയിൽ നിന്നുള്ള മുഴുവൻ യാത്രികർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ന്യൂസീലൻഡ് അറിയിച്ചു. ഇന്ത്യയിൽ COVID-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലും, ഇന്ത്യയിൽ നിന്നെത്തിയ ഏതാനം യാത്രികരിൽ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിലുമാണ് ഈ തീരുമാനം.

ഈ തീരുമാന പ്രകാരം, ഏപ്രിൽ 11 മുതൽ ഇന്ത്യയിൽ നിന്നെത്തുന്ന ന്യൂസീലൻഡ് പൗരന്മാരുൾപ്പടെയുള്ള മുഴുവൻ യാത്രികർക്കും ഈ വിലക്ക് ബാധകമാക്കുന്നതാണ്. ഏപ്രിൽ 11-ന് പ്രാദേശിക സമയം 4:00 p.m. മുതൽ ഈ വിലക്ക് നിലവിൽ വരുന്നതാണ്. 2021 ഏപ്രിൽ 11 മുതൽ ഏപ്രിൽ 28 വരെയാണ് ഈ വിലക്കുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂസീലൻഡിലേക്ക് യാത്ര പുറപ്പെടുന്നതിന് 14 ദിവസം മുൻപ് ഇന്ത്യ സന്ദർശിച്ചിട്ടുള്ള യാത്രികർക്കും ഈ വിലക്ക് ബാധകമാണ്.

“ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക് താത്കാലികമായി പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു.”, ഓക്‌ലാൻഡിൽ വെച്ച് നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രണ്ടാഴ്ച്ചത്തെ കാലയളവിൽ ഈ തീരുമാനം സംബന്ധിച്ച് കൂടുതൽ വിശകലനം ചെയ്യുമെന്നും, സാഹചര്യങ്ങൾക്കനുസരിച്ച് യാത്രാ നിയന്ത്രണം സംബന്ധിച്ച് പുതിയ തീരുമാനം കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.