അബുദാബിയിൽ നിന്ന് റാസൽഖൈമയിലേക്ക് ഇനി നേരിട്ട് ബസ് സർവീസ്

GCC News

അബുദാബിയിൽ നിന്ന് റാസൽഖൈമയിലേക്ക് ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും നേരിട്ടുള്ള ബസ് സർവീസ് നിലവിൽ വന്നു. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്ററും റാസൽഖൈമ ട്രാൻസ്‌പോർട് അതോറിറ്റിയും ഇതിന്റെ ഭാഗമായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

നിലവിൽ ആഴ്ചയിൽ ആറു സർവീസ് വീതമാണ് അബുദാബിയിൽ നിന്ന് റാസൽഖൈമയിലേക്കും തിരിച്ചും ഉണ്ടായിരിക്കുക. എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ റാസൽഖൈമയിൽ നിന്ന് അബുദാബിയിലേക്ക് രാവിലെ 10.00 മണിക്കും ഉച്ചകഴിഞ്ഞു 3.00 മണിക്കും, തിരികെ അബുദാബി ഡൗൺടൗൺ ബസ് സ്റ്റേഷനിൽ നിന്ന് റാസൽഖൈമയിലേക്ക് ഉച്ചകഴിഞ്ഞു 2.30 നും, വൈകീട്ട് 7.30 നും ആയിരിക്കും ഈ സർവീസുകൾ. റാസൽഖൈമയിൽ നിന്ന് 45 AED യും അബുദാബിയിൽ നിന്ന് 35 AED യും ആണ് ടിക്കറ് നിരക്കുകൾ.

പൊതുജനങ്ങൾക്കായുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഈ തീരുമാനം റോഡുമാർഗം പൊതു ഗതാഗതം ഉപയോഗിക്കുന്ന ഒരുപാടുപേർക്ക് ഉപയോഗപ്രദമാകും. ഇതിനു മുന്നേ ഷാർജയിൽ നിന്ന് റാസൽഖൈമ ബസ്സിൽ മാറിക്കയറിയാണ് അബുദാബിയിൽ നിന്ന് യാത്രികർ ബസ് സർവീസ് ഉപയോഗപ്പെടുത്തിയിരുന്നത്. ആറു മണിക്കൂറോളം എടുത്തിരുന്ന ഈ യാത്ര നേരിട്ടുള്ള സർവീസ് തുടങ്ങുന്നതോടെ യാത്രക്കാർക്ക് വലിയ സമയലാഭമാണ് നൽകുന്നത്.