അബുദാബി സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിച്ചു: വാണിജ്യ വാഹനങ്ങളുടെ രെജിസ്ട്രേഷൻ ഫീസ്, ടോൾ എന്നിവ ഈ വർഷാന്ത്യം വരെ ഒഴിവാക്കും

Business

അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം നിരവധി മേഖലകളിൽ പുത്തനുണർവ് നൽകാൻ സഹായകമാകുന്ന സാമ്പത്തിക ഉത്തേജന പദ്ധതികൾക്ക് തിങ്കളാഴ്ച്ച എക്സിക്യൂട്ടീവ് കൗൺസിൽ രൂപം നൽകി. അബുദാബിയുടെ സാമ്പത്തിക രംഗത്തെ വളർച്ച ദ്രുതഗതിയിലാക്കുനതിനായി ആരംഭിച്ച Ghadan 21 പദ്ധതിയുടെ കീഴിൽ വരുന്ന ഈ പദ്ധതികൾ അബുദാബിയുടെ സാമ്പത്തിക നേട്ടങ്ങളെ നിലനിർത്താനും, സ്വകാര്യ രംഗത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഉത്തേജിപ്പിക്കുന്നതിനും, സംരംഭകർക്ക് വായ്പകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും, പുതു സംരംഭകരെ ആകർഷിക്കുന്നതിനും ലക്ഷ്യമിടുന്നു.

അബുദാബി കിരീടാവകാശി തന്നെയാണ് ട്വിറ്ററിലൂടെ ഈ പദ്ധതികൾ അറിയിച്ചത്. നിലവിൽ അംഗീകരിച്ചിട്ടുള്ള എല്ലാ മൂലധനച്ചെലവുകളും വികസന പദ്ധതികളും തീരുമാനപ്രകാരം മുന്നോട്ട് പോകുന്നതായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് സംബന്ധിച്ച് അധികൃതരുമായി ചർച്ചകൾ നടത്തിയതായും നിർദ്ദേശങ്ങൾ നൽകിയതായും അദ്ദേഹം അറിയിച്ചു. നിലവിലെ അബുദാബിയിലെ സാമ്പത്തിക ഉത്തേജന പദ്ധതികളും, കഴിഞ്ഞ ദിവസം സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകളും യു എ ഇയുടെ സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ghadan 21 ഭാഗമായി മുന്നോട്ട് വെച്ചിട്ടുള്ള സാമ്പത്തിക ഉത്തേജന പദ്ധതികൾ:

  • പുതിയ സംരംഭങ്ങൾക്ക് വൈദ്യുതി കണക്ഷനുള്ള ഫീസ് ഇളവുകൾക്കായി സഹായധനം പ്രഖ്യാപിച്ചു. ഈ വർഷാവസാനം വരെയാണ് ഈ ഇളവ്.
  • പൊതുജനങ്ങൾക്കും, വാണിജ്യ സഥാപനങ്ങൾക്കും, വ്യവസായങ്ങൾക്കും വൈദ്യുതി, വെള്ളം എന്നിവയിൽ ഇളവുകൾക്കായി 5 ബില്യൺ ദിർഹം മാറ്റിവെച്ചു.
  • എല്ലാ വാണിജ്യ സഥാപനങ്ങളെയും, വ്യവസായങ്ങളെയും ഈ വർഷത്തെ റിയൽ എസ്റ്റേറ്റ് രെജിസ്ട്രേഷൻ ഫീസുകളിൽ നിന്ന് ഒഴിവാക്കി.
  • എല്ലാ വാണിജ്യ സഥാപനങ്ങൾക്കും, വ്യവസായങ്ങൾക്കും ഈ വർഷത്തെ തൗതീഖ് (Tawtheeq) ഫീസുകൾ ഒഴിവാക്കി.
  • ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കായി ലോണുകൾ അനുവദിക്കുന്നതിന് ബാങ്കുകൾക്ക് 3 ബില്യൺ ദിർഹം സാമ്പത്തിക സഹായം.
  • ഗവണ്മെന്റ് തലത്തിൽ നിന്ന് പാസാക്കാനുള്ള എല്ലാ തുകകളും 15 പ്രവൃത്തിദിനങ്ങൾക്കകം നൽകും.
  • വ്യവസായ ആവശ്യങ്ങൾക്കുള്ള സ്ഥലം പാട്ടത്തിനു എടുക്കാനുള്ള ഫീസിൽ 25 % ഇളവ് നൽകും. പുതിയ കരാറുകൾക്കാണ് ഈ ഇളവ് ബാധകമാക്കിയിട്ടുള്ളത്.
  • നിലവിലെ വാണിജ്യ, വ്യവസായ പിഴകളും റദ്ദാക്കാൻ നടപടിയെടുക്കും.
  • വാണിജ്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളുടെ വാർഷിക രെജിസ്ട്രേഷൻ ഫീസ് 2020 അവസാനം വരെ ഒഴിവാക്കി.
  • എല്ലാ വാഹനങ്ങളുടെയും ടോൾ ഫീസുകൾ 2020 അവസാനം വരെ ഒഴിവാക്കി.
  • ഈ വർഷത്തെ ടൂറിസം, വിനോദ മേഖലകളിലെ ടൂറിസം, മുൻസിപ്പാലിറ്റി ഫീസ് ഒഴിവാക്കി.
  • ടൂറിസം, വിനോദ മേഖലകളിലെ സ്ഥാപനങ്ങൾക്കും, റെസ്റ്റോറന്റുകൾക്കും വാടക തുകകളിൽ 20% വരെ ഇളവുകൾ.
  • അബുദാബിയിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ അനുവദിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി ഒരു പുതിയ കമ്മിറ്റി രൂപീകരിക്കും.

1 thought on “അബുദാബി സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിച്ചു: വാണിജ്യ വാഹനങ്ങളുടെ രെജിസ്ട്രേഷൻ ഫീസ്, ടോൾ എന്നിവ ഈ വർഷാന്ത്യം വരെ ഒഴിവാക്കും

Comments are closed.