നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ പിടികൂടുന്നതിനായി അബുദാബിയിൽ മാർച്ച് 8 മുതൽ പുതിയ സംവിധാനം നിലവിൽ വരുന്നു. ഇതിന്റെ ഭാഗമായുള്ള സ്മാർട്ട് ഗേറ്റ് ടവർ, അൽ ഐൻ-അബുദാബി പാതയിൽ ഞായറാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് അബുദാബി പോലീസ് അറിയിച്ചു. വാഹനാപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പോലീസ് കൺട്രോൾ റൂമുമായി നിരന്തര ബന്ധം പുലർത്തുന്ന ഈ സുരക്ഷാ സംവിധാനമൊരുക്കിയിട്ടുള്ളത്.
വാഹനങ്ങൾക്ക് കാലാവസ്ഥാ സ്ഥിതികൾക്കനുസൃതമായുള്ള അനുവദനീയമായ വേഗതാനിരക്കുകൾ ഈ സംവിധാനത്തിലെ സ്‌ക്രീനിലൂടെ ഡ്രൈവർമാർക്ക് അറിയാൻ കഴിയും. ഇതിനു പുറമെ പോലീസ് നൽകുന്ന യാത്രാ നിർദ്ദേശങ്ങൾ, മറ്റു സന്ദേശങ്ങൾ എന്നിവയും ഇതിലൂടെ അറിയാം. ഇവ ലംഘിക്കുന്ന വാഹനങ്ങളെ ഈ സംവിധാനത്തിലുള്ള റഡാറുകൾ വഴി പിടികൂടുന്നതായിരിക്കും. അമിത വേഗതയ്ക്ക് പുറമെ അനുവദനീയമല്ലാത്ത വലിയ വാഹനങ്ങൾ, മറ്റു വാഹനങ്ങളുമായി വേണ്ടത്ര ദൂരം പാലിക്കാതെ ഓടിക്കുന്ന വാഹനങ്ങൾ, മാർഗ്ഗതടസം ഉണ്ടാക്കുന്നവിധം ഓടിക്കുന്ന വാഹനങ്ങൾ, ലൈസൻസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾ, നിയമം ലംഘിച്ചുള്ള പാർക്കിങ് എന്നിവയെയെല്ലാം കണ്ടെത്തി പിഴ ചുമത്താനുള്ള സംവിധാനങ്ങൾ സ്മാർട്ട് ഗേറ്റിൽ ഉണ്ടായിരിക്കും.